വ്യോമയാന മേഖലയിൽ നിർമിത ബുദ്ധിക്ക് നിർണായക സ്ഥാനം: വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ

 
@ ​അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനാചരണം സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നടന്നു
 
Kochi
Kochi
നെടുമ്പാശ്ശേരി: നിർമിത ബുദ്ധിയും ഓട്ടോമേഷനും വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുകയാണെന്നും, ഈ മാറ്റങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനം കൈവരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും എയർ ഇന്ത്യ സാറ്റ്‌സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെന്തിൽ കുമാർ പറഞ്ഞു. സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നടന്ന അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
​പരമ്പരാഗത ഗ്രൗണ്ട് ഹാൻഡ്ലിംഗ് രീതികളിൽ നിന്ന് 'സ്മാർട്ട് ഹാൻഡ്ലിംഗി'ലേക്ക് മേഖല മാറി. എയർപോർട്ട് പ്രവർത്തനങ്ങൾ സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ നൂതനാശയങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് കഴിയണം. കിയോസ്‌ക് ചെക്കിൻ, ഐ-ബോർഡിംഗ് തുടങ്ങിയ സംവിധാനങ്ങൾ വ്യാപകമാകുന്നതോടെ തൊഴിൽ ഘടനയിലും കാതലായ മാറ്റങ്ങൾ വരും.
​2030-ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 220-ലേക്ക് ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. നോയിഡ, നവി മുംബൈ വിമാനത്താവളങ്ങൾ ഇതിന് ഉദാഹരണമാണ്. സിയാൽ മാതൃകയായ 'ഗ്രീൻ എയർപോർട്ട്' സങ്കൽപ്പം ആഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളും സൗരോർജ്ജവും ഉപയോഗിക്കുന്ന സുസ്ഥിര വികസന മാതൃകകളാണ് വരാനിരിക്കുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വമ്പൻ എയർലൈനുകൾ ഊർജ്ജസ്വലരായ യുവതയെയാണ് തേടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഏവിയേഷൻ മേഖല ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം വ്യക്തിഗത കഴിവുകളും ഒരു ടീമായി പ്രവർത്തിക്കാനുള്ള മനോഭാവവും നിർണായകമാണെന്ന് അക്കാദമി ഹെഡ് പി.എസ്. ബാബുരാജ് പറഞ്ഞു. അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ സ്വപ്നം സാക്ഷാത്കരിക്കാൻ നിരന്തരം പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ ഏവിയേഷൻ ദിനത്തോട അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. 
ചടങ്ങിൽ സി.ഐ.എ.എസ്.എൽ ക്വാളിറ്റി മാനേജർ കെ.പി. തോമസ്, പ്രൊഫസർ ഡോ. ജോമോൻ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.