സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണാ വിജയന് ഇ.ഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം
Jun 9, 2026, 11:20 IST
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് ഇ.ഡി സമൻസ് അയച്ചതായും വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചതായും റിപ്പോർട്ടുകൾ.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള Cochin Minerals and Rutile Limited (CMRL)യും വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള Exalogic Solutions എന്ന സ്ഥാപനവും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു.
അടുത്തിടെ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനകൾക്കും തുടർന്നുള്ള തെളിവ് ശേഖരണത്തിനുമൊടുവിലാണ് സമൻസ് നൽകിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമാണ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് ഇ.ഡി കടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട സീരിയസ് ഫ്രാഡ് ഇൻവെസ്റ്റികഷൻ ഓഫീസ് രേഖകൾ ഇ.ഡിക്ക് ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. എസ്.എഫ്.ഐ.ഒ അന്വേഷണ റിപ്പോർട്ടുകളും മറ്റ് രേഖകളും ലഭിക്കുന്നതോടെ അന്വേഷണത്തിന് കൂടുതൽ വേഗം കൈവരുമെന്നാണ് സൂചന.
കേസിൽ ഏതെങ്കിലും കുറ്റം തെളിയപ്പെട്ടിട്ടില്ലെന്നും തങ്ങൾ നിയമപരമായി സേവനങ്ങൾ നൽകിയിട്ടുണ്ടെന്നുമാണ് വീണാ വിജയനും എക്‌സാലോജിക്കും നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. മറുവശത്ത്, സി.എം.ആർ.എൽ നൽകിയ പണമിടപാടുകളിൽ ക്രമക്കേട് ഉണ്ടായെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം.
കേരള ഹൈക്കോടതി അടുത്തിടെ ഇ.ഡി അന്വേഷണം തുടരുന്നതിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണാ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് ഇ.ഡി കടന്നിരിക്കുന്നത്. കേസിന്റെ തുടർനടപടികൾ കേരള രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ശ്രദ്ധ നേടുന്നുണ്ട്.