'ബലൂചിസ്ഥാൻ' പരാമർശങ്ങളെ തുടർന്ന് സൽമാൻ ഖാൻ പാകിസ്ഥാന്റെ ഭീകര നിരീക്ഷണ പട്ടികയിൽ

 
Nat
Nat

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന്റെ ബലൂചിസ്ഥാൻ പരാമർശം പാകിസ്ഥാനിൽ വലിയ വിവാദത്തിന് തിരികൊളുത്തി. സൗദി അറേബ്യയിലെ സിനിമകളുടെ സാധ്യതകളെക്കുറിച്ച് അടുത്തിടെ നടന്ന ജോയ് ഫോറം 2025 ൽ സംസാരിക്കുന്നതിനിടെയാണ് നടൻ വിവാദപരമായ പരാമർശം നടത്തിയത്.

ഇതിനെത്തുടർന്ന് പാകിസ്ഥാൻ തങ്ങളുടെ ഭീകരവിരുദ്ധ നിയമത്തിന്റെ നാലാം ഷെഡ്യൂൾ അനുസരിച്ച് നടനെ ഭീകര നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഷാരൂഖ് ഖാനും ആമിർ ഖാനും ഒപ്പം റിയാദിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യൻ സിനിമയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കുകയായിരുന്നു സൽമാൻ.

പാകിസ്ഥാന്റെ ഭീകരവിരുദ്ധ നിയമപ്രകാരം ഭീകര ബന്ധമുള്ള വ്യക്തികളുടെ പട്ടികയിൽ നടനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച നോട്ടീസിൽ അദ്ദേഹത്തെ 'ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ' എന്ന് വിശേഷിപ്പിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പട്ടികയിൽ ഉൾപ്പെടുത്തിയതോടെ, നടന് കർശനമായ നിരീക്ഷണവും യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടിവരും.

സൗദി അറേബ്യയിൽ ഒരു ഹിന്ദി സിനിമ റിലീസ് ചെയ്താൽ അത് സൂപ്പർ ഹിറ്റാകും. ഒരു തമിഴ് തെലുങ്ക് അല്ലെങ്കിൽ മലയാള സിനിമ നിർമ്മിച്ചാൽ സൗദി അറേബ്യയിൽ കോടികൾ വരുമാനം ലഭിക്കും. കാരണം സൗദി അറേബ്യ ലോകമെമ്പാടുമുള്ള ആളുകളുടെ വാസസ്ഥലമാണ്. ബലൂചിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ട്. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു സൽമാൻ ഖാൻ പറഞ്ഞു.

ബലൂചിസ്ഥാനെ പരാമർശിക്കുന്ന താരത്തിന്റെ പരാമർശം ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥരെയും സൈനിക മേധാവികളെയും ചൊടിപ്പിച്ചു. പാകിസ്ഥാൻ ബലൂചിനെ സ്വതന്ത്ര രാജ്യമല്ല, മറിച്ച് അതിന്റെ അവിഭാജ്യ ഘടകമായിട്ടാണ് കണക്കാക്കുന്നത്. പാകിസ്ഥാൻ അധികാരികൾ ഈ പരാമർശത്തെ രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയോടുള്ള വെല്ലുവിളിയായി കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, സൽമാൻ ഖാന്റെ പരാമർശങ്ങളെ ബലൂച് വിഘടനവാദി നേതാക്കൾ പ്രശംസിച്ചു. സൽമാന്റെ വാക്കുകൾ അവരുടെ സ്വാതന്ത്ര്യസമരത്തിനുള്ള അംഗീകാരമായി കാണുന്നു. സൽമാന്റെ വാക്കുകൾ ആറ് കോടി ബലൂച് ജനതയ്ക്ക് സന്തോഷം നൽകിയതായി ബലൂച് സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രമുഖ വക്താവ് മിർ യാർ ബലൂച്ച് പറഞ്ഞു. വിവാദങ്ങൾക്ക് മറുപടിയായി സൽമാൻ ഖാൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. 'സിക്കന്ദർ' എന്ന ചിത്രത്തിന് ശേഷം താരം നിലവിൽ 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന സിനിമയുടെ പണിപ്പുരയിലാണ്.