കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍

 
Crm
Crm

പൂന്തുറ: വീടിനുളളില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വര്‍ണാഭരണം കവരുകയും അമ്മയുടെ വസ്ത്രം കീറുകയും ചെയ്്ത കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. വളളക്കടവ് ബീമാപളളി മാണിക്കഴിളാകം ടി.സി - 46 /895 -ല്‍ സമ്മില്‍ മോനെ (23) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ 2.00 മണിയോടുകൂടിയായിരുന്നു കേസിനിടയായ സംഭവം നടന്നത്. പൂന്തുറ മാണിയ്ക്കവിളാകം സ്വദേശിനിയുടെ വീടിനുളളിലേയ്ക്ക് കയറിയ പ്രതി ഉറങ്ങുകയായിരുന്ന കുട്ടിയുടെ 8 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന അമ്മയുടെ വസ്ത്രം കത്രികകൊണ്ട് മുറിച്ചുമാറ്റിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇവര്‍ ഉറക്കമുണര്‍ന്നപ്പോഴായിരുന്നു വസ്ത്രം കീറിയ നിലയില്‍ കണ്ടത്.

തുടര്‍ന്നു നടത്തിയ പരിശോധനയിലായിരുന്നു കുഞ്ഞിന്റെ മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് പൂന്തുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുനില്‍ , ശ്രീജേഷ് ,  ജൂനിയര്‍ എസ്.ഐ നവീന്‍ , സി.പി.ഒ മനാരായ ദീപക് , സനല്‍ , രാജേഷ് , സ്‌പെഷ്യല്‍ ബ്രാഞ്ച് സി.പി.ഒ അനീഷ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.