ആക്രി കടയില്‍ കവര്‍ച്ച നടത്തിയ അന്യസംസ്ഥന മോഷ്ടാവ് പിടിയില്‍

 
Crm
Crm

പേരൂര്‍ക്കട: ആക്രിക്കടയില്‍ നിന്നും ഏഴായിരം രൂപ കവര്‍ന്ന തമിഴ്‌നാട് സ്വദേശിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിറുച്ചി ഡാല്‍മിയ ഫാക്ടറിയ്ക്ക് സമീപം താമസിക്കുന്ന പ്രകാശിനെ (32) ആണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 8.30 ഓടുകൂടി പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയ്ക്ക് സമീപത്തുളള ഗണേശന്റെ ഉടമസ്ഥതയിലുളള ആക്രിക്കടയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന ഏഴായിരും രൂപ കവര്‍ന്നെടുക്കുകയായിരുന്നു. 

ഗണേശന്‍ ശനിയാഴ്ച രാത്രി 7.45 ഓടുകൂടി കട പൂട്ടി പോയ തക്കം നോക്കിയാണ് പ്രകാശ് കവര്‍ച്ച നടത്തിയത്. പ്രതി കടയില്‍ നിന്നും ഇറങ്ങുന്നതു കണ്ട സമീപവാസികള്‍ വിവരം ഗണേശനെ അറിയിക്കുകയും ഇയാള്‍ വിവരം പേരൂര്‍ക്കട പൊലീസിനെ അറിയിക്കുകയുമായിരുന്നു. 

വിവരമറിഞ്ഞെത്തിയ പൊലീസ് പ്രകാശിനെ പേരൂര്‍ക്കടക്ക് സമീപത്തുനിന്നും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. എന്നാല്‍ ഇയാളില്‍ നിന്നും പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കവര്‍ന്ന പണം ഉപയോഗിച്ച് ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പേരൂര്‍ക്കട എസ്.എച്ച്.ഒ ഉമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.