സമീപവാസിയുടെ വീട്ടില്‍ നിന്നും ആഭരണം കവര്‍ന്നയാല്‍ അറസ്റ്റില്‍

 
arrest alcohol
arrest alcohol

പേരൂര്‍ക്കട: സമീപവാസിയുടെ വീട്ടില്‍ കയറി സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം ചെക്കക്കോണം ഇടത്തറ വീട്ടില്‍ ആരുണ്‍ (35) ആണ് പിടിയിലായത്. ജൂലൈ 14 തിങ്കളാഴ്ച രാലിലെയായിരുന്നു കേസിനിടയായ സംഭവം നടന്നത്. മണ്ണാമ്മൂല ഇടയ്ക്കുളം സൂര്യനഗര്‍ ഹൗസ് നമ്പര്‍ 201-ല്‍ വാടകയ്ക്കു താമസിക്കുന്ന രാഹുലിന്റെ നാലുഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണമാണ് കവര്‍ച്ച ചെയ്തത്. അരുണ്‍ മുമ്പ് രാഹുല്‍ താമസിച്ചിരുന്ന വീടിനു സമീപത്തുതാമസിച്ചിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. 

സംഭവ ദിവസം ബസില്‍ കയറി ഇടയ്ക്കുളത്തിറങ്ങിയ ശേഷം രാഹുല്‍ താമസിക്കുന്ന വീട്ടിലെത്തി കവര്‍ച്ച നടത്തുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീടിനു മുന്നിലെത്തിയ പ്രതി വാതിലിന്റെ പൂട്ടുപൊളിച്ച ശേഷം വീടിനുളളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവുമായി രക്ഷപ്പെടുകയായിരുന്നു. രാഹുല്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ജയേഷ് , അനില്‍കുമാര്‍ , ഗ്രേഡ് എസ്.ഐ മനോജ് , സി.പി.ഒ രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം നരുവാമൂട് ഭാഗത്തുനിന്നുമാണ് അരുണിനെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം പൊലീസ് ഒരു ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.