സ്കൂളിന്റെ കളിസ്ഥലത്ത് വാഴ കൃഷി: പ്രതിഷേധം ശക്തം

 
Vaazha

കുമരകം:  കുമരകം പഞ്ചായത്ത് എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും പ്രദേശവാസികളായ കൗമാരക്കാരും ചോദിക്കുന്നു ‘‘കളിക്കാൻ ഇനി ഞങ്ങൾ എവിടെ പോകണം’’. ഏക ആശ്രയമായ കളിസ്ഥലത്ത് വാഴ കൃഷി നടത്തുന്നത് പ്രതിഷേധാർഹവും നല്ല വിദ്യാഭ്യാസ സംസ്കാരത്തിന് വിരുദ്ധവുമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം പന്തടിയേറ്റ് ജനൽ ചില്ലുകൾ തകരുന്നതും , വൈകുന്നേരത്തെ ബഹളവും, മറ്റ് തെറ്റായ പ്രവണതകളും നടക്കുന്നതിനാലാണ് ഗ്രൗണ്ടിലെ കളി വിലക്കി വാഴ വെച്ചതെന്ന് സ്കൂൾ അധികൃതർ പറയുന്നു.

കുമരകം ഗ്രാമപ്പഞ്ചായത്തിലെ പഞ്ചായത്ത് എൽ പി സ്ക്കൂൾ കളിസ്ഥലത്താണ് സ്കൂൾ അധികൃതർ വാഴ കൃഷി ആരംഭിച്ചത്. അഞ്ച്, ആറ്, ഏഴ് വാർഡുകൾ ഉൾപ്പെടുന്ന പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ കുട്ടികളാണ് പഞ്ചായത്ത് സ്കൂൾ ഗ്രൗണ്ടിൽ കായിക വിനോദത്തിന് എത്തുന്നത്. ചെറിയ ഗ്രൗണ്ട് ആണെങ്കിലും ക്രിക്കറ്റും, ഫുട്ബോളും മറ്റ് കായിക ഇനങ്ങളും കുട്ടികൾ ഇവിടെ പരിശീലിച്ചിരുന്നു.

അടുത്ത പ്രദേശങ്ങളിലൊന്നും മെറ്റൊരു കളിസ്ഥലം ഇല്ലാത്തതിനാലാണ് പരിമിതമായ സൗകര്യമുള്ള സ്കൂൾ ഗ്രൗണ്ടിനെ ആശ്രയിച്ചിരുന്നത്. എല്ലാ വാർഡുകളിലും കളിസ്ഥലം നിർമ്മിയ്ക്കുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരുമ്പോഴാണ് കെട്ടിടത്തിന് നാശം ഉണ്ടാകുമെന്ന പേരിൽ കളിസ്ഥലം അടച്ച് അധ്യാപകർ വാഴകൃഷി ചെയ്തത്.  

തെറ്റായ ചെയ്തികൾക്ക് നിയമപരമായ പരിഹാര മാർഗ്ഗങ്ങൾ തേടേണ്ടതിന് പകരം പ്രദേശത്തെ ചെറുപ്പക്കാരുടെ ഏക ആശ്രയമായ കളിസ്ഥലത്ത് വാഴ കൃഷി നടത്തുന്നത് പ്രതിഷേധാർഹവും നല്ല വിദ്യാഭ്യാസ സംസ്കാരത്തിന് വിരുദ്ധവുമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.  
എല്ലാ പ്രായത്തിലുമുള്ള ജനങ്ങളുടെ ശാരീരിക ക്ഷമത നിലനിർത്തുവാൻ കളിസ്ഥലങ്ങൾ ഉപയോഗിയ്ക്കേണ്ടതുണ്ട്. കായിക വിനോദ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാണെങ്കിൽ, യുവാക്കളെ മയക്കുമരുന്നിന്റെ കെണിയിൽ നിന്ന് അകറ്റി നിർത്താനാകുമെന്നും പ്രദേശവാസികൾ പറയുന്നു.

കുട്ടികൾക്ക് കളിക്കാൻ 20 സെന്റ് സ്ഥലമുണ്ട്: ഗീത ഇ.പി (പ്രധാന അധ്യാപിക)

സ്കൂളിലെ കുട്ടികൾക്ക് കളിക്കാൻ സ്കൂളിന് മുൻപിൽ 20 സെന്റ് സ്ഥലം ഉണ്ട്, വാഴ നട്ടുവെച്ച സ്ഥലത്ത് കുട്ടികളെ കളിക്കാൻ വിടാറില്ല. . കളി സ്ഥലം പൊതുജനം ഉപയോഗിക്കുന്നതിലൂടെ സ്കൂൾ കെട്ടിടത്തിന് നിരന്തരമായ കേടുപാടുകൾ സംഭവിക്കുന്നതുമാണ് കുട്ടികൾ ഉപയോഗിക്കാത്ത സ്ഥലത്ത് വാഴ നട്ടുവെയ്ക്കാൻ നിർബന്ധിതമായത്.