വേനലവധിക്കാലം ഉല്ലാസമാക്കാൻ ശിശുക്ഷേമ സമിതി

കുട്ടികൾക്ക് പ്രത്യേക കൗൺസിലിങ്ങും മെഡിക്കൽ ക്യാമ്പും

 
sishu

തിരുവനന്തപുരം:  വേനലവധിക്കാലം കുട്ടികൾക്ക് വിശ്രമവും ഉല്ലാസവുമാക്കാൻ കിളിക്കൂട്ടം 2024 എന്ന പേരിൽ ഏപ്രിൽ മെയ് മാസങ്ങളിൽ സംസ്ഥാന ശിശുക്ഷേമ സമിതി മാനസ്സികോല്ലാസ അവധിക്കാല കൂട്ടായ്മ സംഘടിപ്പിക്കുന്നു. തൈക്കാട് സമിതി ആസ്ഥാനത്തെ അങ്കണത്തിൽ പ്രത്യേക മാജിക് പാർക്ക് ഒരുക്കിയാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന അവധിക്കാല ക്യാമ്പ്.

കുട്ടികളിലെ മാനസ്സീക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അവരുടെ അസാധാരണമായ കഴിവുകൾ മിനുസപ്പെടുത്തി പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടി ഒരുക്കുകയാണ് ക്യാമ്പിലൂടെ സമിതി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. പുതിയ കഴിവുകൾ നേടാനും പ്രിയപ്പെട്ട ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ഒരിടമായാണ് ക്യാമ്പിൻറെ നടത്തിപ്പെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലെ മാനസ്സികപിരിമുറുക്കം അകറ്റുന്നതിന് പ്രത്യേക കൌൺസിലിംഗ് സംവിധാനവും മെഡിക്കൽ ക്യാമ്പുകളും ഇതിൻറെ ഭാഗമായി സംഘടിപ്പിക്കും.

എല്ലാ ദിവസവും യോഗ, മെഡിറ്റേഷൻ, ഫിസിക്കൽ ട്രെയിനിംഗ്, ആരോഗ്യ പരിപാലന ക്ലാസ്സുകൾ എന്നിവ ഉണ്ടായിരിക്കും കുട്ടികൾക്കിണങ്ങിയ ഇന്ത്യ എന്നതാണ് ഏപ്രിൽ 3 മുതൽ മെയ് 25 വരെ നീളുന്ന കിളിക്കൂട്ടം 2024-ൻറെ ക്യാമ്പിൻറെ സന്ദേശം. വിവിധ പഠ്യേതര വിഷയങ്ങൾക്കു പുറമെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനായി അഭിനയം, പ്രസംഗം, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ, ഒറിഗാമി, ശാസ്ത്രം, ഗണിതം, ദിനപത്രനിർമ്മിതി, ചലച്ചിത്ര നിർമ്മാണം, മാജിക്, യോഗ, കരാട്ടെ ഇവയിൽ പരിശീലനവും കൂടാതെ വിശിഷ്ട വ്യക്തികളുമായി സംവാദം, ഗുരുവന്ദനം, വിനോദയാത്ര, ഭാഷാപഠനം, കാർഷികം, പരിസ്ഥിതി, തൊഴിൽ അറിവ്, പഠനം എങ്ങനെ രസകരമാക്കാം ഇവയെല്ലാം ക്യാമ്പിൻറെ ഭാഗമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

നേഴ്സറി മുതൽ ഹയർസെക്കൻററി തലം വരെയുള്ള കുട്ടികളെ 4-5, 6-8, 9-12, 13-16 എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ക്യാമ്പിൽ പ്രവേശനം നൽകുക. വാഹന സൌകര്യം ഉണ്ടായിരിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും നടത്തുന്ന രണ്ടു മാസത്തെ ക്യാമ്പിന് 1500/- രൂപയാണ് ഫീസ്. നിശ്ചിത അപേക്ഷാ ഫോറം സമിതിയിൽ നിന്ന് നേരിട്ട് വിതരണം ചെയ്യുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പരുകൾ : 0471 2324939, 2324932, 9847464613