സ്വകാര്യ സ്ഥാപന അധികൃതർ മാനസിക പീഡനമേൽപ്പിച്ചതായി പരാതി

മെഡിക്കൽ കോളജ്: സ്വകാര്യ ആശുപത്രിയിൽ ജോലിയ്ക്കിടെ കളഞ്ഞു കിട്ടിയ മാല ജീവനക്കാരിയെടുത്തെന്നാരോപിച്ച് സ്വകാര്യ കരാർ സ്ഥാപന അധികൃതരുടെ മാനസിക പീഡനമേൽക്കേണ്ടി വന്നതായി പരാതി.
മുറിഞ്ഞപാലത്തെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി അധികൃതർക്കെതിരെയാണ് നെടുമങ്ങാട് കുളപ്പട സ്വദേശിയായ ആശുപത്രി ക്ലീനിംഗ് വിഭാഗം ജീവനക്കാരി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽ ജോലിയ്ക്കിടെ ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിനിയായ മറ്റൊരു ജീവനക്കാരിയ്ക്ക് ഒരു മാല കളഞ്ഞു കിട്ടി. അതിനുശേഷം ഏതാനും ദിവസത്തിനുള്ളിൽ അവർ ജോലി രാജിവച്ചു.
തുടർന്ന് പരാതിക്കാരിയായ ജീവനക്കാരിയ്ക്കാണ് മാല ലഭിച്ചതെന്നും അവർ തനിയ്ക്ക് നൽകുകയായിരുന്നുവെന്നും തമിഴ്നാട് സ്വദേശിനി മറ്റു ജീവനക്കാരോട് പറഞ്ഞു പരത്തി. തുടർന്ന് കുറ്റം തൻ്റെ മേൽ ചാർത്തി ജീവനക്കാരെ നൽകുന്ന കരാർ കമ്പനി സൂപ്പർവൈസറും മറ്റു ജീവനക്കാരും മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യുകയും മാനസിക പീഡനമേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പൊലീസിൽ പരാതി നൽകിയതിനു പുറമേ ജീവനക്കാരി പട്ടികജാതി - പട്ടികവർഗ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.