കാർഷിക കോളജിൽ പരിസ്ഥിതി ദിനാചരണം നടത്തി

 
Tvm
Tvm

 തിരുവല്ലം: ജൈവവൈവിധ്യ ക്ലബ്ബ്, നാഷണൽ സർവീസ് സ്കീം, എൻ. സി. സി എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളജിൽ വിപുലമായ പരിപാടികളോടെ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പ്രാദേശിക കാർഷിക ഗവേഷണം കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജൈവവൈവിധ്യ ക്ലബ്ബിൻറെ കോഡിനേറ്റർ ആയ ഡോ. അശ്വതി വിജയൻ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. സംഗീത കെ. ജി. എന്നിവർ സംസാരിച്ചു. 

തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചെയതു. ചിപ്‌കോ പ്രസ്ഥാനം, 'മരം ഒരു വരം' എന്നീ വിഷയങ്ങളെ ആസ്പദമാക്കി എൻ. എസ്.എസ്. വോളണ്ടിയേഴ്സ് ലഘു നാടകം അവതരിപ്പിച്ചത് അറിവ് പകർന്നുതോടൊപ്പം ആസ്വാദ്യകരവുമായിരുന്നു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി ജൈവവൈവിധ്യ ക്ലബ്ബ്, എൻ.എസ്എസ്, എൻ. സി. സി എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ അപൂർവ്വ ഇനങ്ങളിൽപ്പെട്ട മരങ്ങൾ വെച്ചുപിടിപ്പിച്ചു. ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ലഘുലേഖകൾ തയ്യാറാക്കി ബോധവൽക്കരണം നടത്തുകയും കോളജിലെ വിവിധ വകുപ്പുകളിൽ നിന്നും ഉപയോഗശൂന്യമായ കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തു.