ആരോരുമില്ലാത്തവർക്ക് അജുവുണ്ട് ബന്ധുവായി

 
tvm

ആര്യനാട്: തലസ്ഥാന നഗരിയിലെ പൊള്ളുന്ന കാഴ്ചയാണ് ഒട്ടിയവയറുമായി തെരുവിൽ കഴിയുന്ന നിരാലംബർ. ഇവർക്ക് കഴിഞ്ഞ 5 വർഷമായി ഒരു പൊതിച്ചോറിൻ്റെ പുണ്യം വിളമ്പുന്ന നന്മയാണ് അജു എന്ന ചെറുപ്പക്കാരൻ. സ്വന്തം അധ്വാനത്തിൽ ഒരൽപം മാറ്റിവച്ചാണ് ആര്യനാട് മീനാങ്കൽ എം.ആർ.കെ ഹൗസിൽ അജു കെ.മധു ദിവസേന അൻപതോളം തെരുവിൻ്റെ മക്കളെ അന്നമൂട്ടുന്നത്.

തെരുവ് വിലാസമാക്കിയവരെല്ലാം ബന്ധുക്കളാണ് അജുവിന്. അവർക്ക് ഓണക്കോടി വിതരണം, തിരുവോണത്തിന് തെരുവിൽ ഇലയിട്ട് വിളമ്പി അവർക്കൊപ്പമിരുന്നു സദ്യ കഴിക്കൽ അജുവിൻ്റെ ഓണാഘോഷം ഇങ്ങനെയാണ്. ഭക്ഷണം മാത്രമല്ല, രോഗികൾക്ക് മരുന്നും പരിചരണവും, തീരെ അവശരായവരെ ആശുപത്രിയിൽ എത്തിക്കലുമൊക്കെ നാടിനോടുള്ള കടമയായി കരുതാനാണ് അജുവിനിഷ്ടം.

പതിവ് തെറ്റിക്കാതെ ഈ വർഷവും തെരുവിൽ അലയുന്നവർക്ക് ഓണത്തിന് ഓണക്കോടിയുമായി അത്തം മുതൽ സഞ്ചരിക്കുകയാണ് അജു. ഉത്രാടം വരെ ഇത് നീളും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ, ഡോ.നിഷാദ്, സാമൂഹ്യപ്രവർത്തകരായ വിനയചന്ദ്രൻ  നായർ, മുനീർ പനമൂട്ടിൽ, കലാറാണി എന്നിവർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന അശരണർക്ക് ഓണക്കോടികൾ വിതരണം ഉദ്ഘാടനം ചെയ്തു.