മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം അറസ്റ്റില്‍

 
Tvm

പേരൂര്‍ക്കട: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ 14 വ്യാഴാഴ്ച ലഭിച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആദ്യം പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച തിരുവനന്തപുരം വഴയില സ്വദേശി പ്രതീഷ് കുമാറിന്റെയും കൂട്ടാളി തിരുവനന്തപുരം അമ്പലംമുക്ക് എന്‍.സി.സി റോഡ് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഷെജിന്‍ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഈ റാക്കറ്റിലെ കണ്ണികളും വ്യാജ സ്വര്‍ണം ഇവര്‍ക്ക് നല്‍കിയ പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്മിജു സണ്ണി , സണ്ണി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചേയ്തതില്‍ കേരളം മുഴുവന്‍ ഇത്തരത്തില്‍ വ്യാജ സ്വര്‍ണം വിരതണം നടത്തിയിരുന്ന സംഘത്തിലെ തലവനായ അഖില്‍ ക്ലീറ്റസ് എന്നയാളെ തൃശൂര്‍ ചാലക്കുടിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

അപ്രൈസര്‍ ഉരച്ചുനോക്കിയാല്‍ പെട്ടന്ന് മനസിലാകാത്ത തരത്തില്‍ അതി വിദഗ്ധമായി സ്വര്‍ണം പൂശിയ നിലയിലായിരുന്നു ആഭരണങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. അഖില്‍ ക്ലീറ്റസ് കൊലപാതക കേസിലും , എന്‍ഡി.പി.എസ് കേസുകളിലും , നിരവധി തട്ടിപ്പ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സ്മിജു സണ്ണി ഒട്ടനവധി ചീറ്റിങ് കേസുകളിലും പ്രതിയാണ്. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഫറാഷ് ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം കണ്ടോന്‍മെന്റ് എ.സി.പി സ്റ്റിവെര്‍ട്ട് കീലറിന്റെ മേല്‍നോട്ടത്തില്‍ പേരൂര്‍ക്കട എസ്.എച്ച്.ഒ ഉമേഷ് , എസ്.ഐ ജഗമോഹന്‍ ദത്തന്‍ , ഗ്രേഡ് എസ്.ഐ മനോജ് , എസ്.സി.പി.ഒ മാരായ അനീഷ് , അജിത്ത് , സി.പി.ഒ മാരായ അരുണ്‍ , രഞ്ജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.