സാമ്പിൾ ശേഖരണത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ വാഹനം മെഡിക്കൽ കോളജിൽ

മെഡിക്കൽ കോളജ് : തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാമ്പസിലെ ആശുപത്രികളിൽ നിന്നും വൈറോളജി വിഭാഗത്തിലേയ്ക്കുള്ള സാമ്പിളുകൾ സ്വീകരിക്കാൻ ആശുപത്രിയ്ക്കുള്ളിൽ സംവിധാനമായി. ഇതിനായി തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ സ്പെസിമെൻ കളക്ടിംഗ് വാൻ ബുധനാഴ്ച മുതൽ ക്യാമ്പസിനുള്ളിൽ എത്തി സാമ്പിളുകൾ സ്വീകരിച്ചു തുടങ്ങി. മെഡിക്കൽ കോളജ് മൾട്ടി ഡിസിപ്ളിനറി റിസർച്ച് ലാബിൽ പരിശോധിക്കാത്ത വൈറൽ രോഗങ്ങളുടെ സാമ്പിളുകളാണ് വാനിൽ സ്വീകരിക്കുന്നത്. ഈ സാമ്പിളുകൾ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ കൊണ്ടുപോയാണ് പരിശോധിക്കുന്നത്.
പരിശോധനാഫലം രോഗിയെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് അയച്ചു കൊടുക്കും. രോഗികളും ബന്ധുക്കളും സാമ്പിളുമായി തോന്നയ്ക്കൽ വരെ പോകേണ്ടതില്ല എന്നതാണ് ഈ സംവിധാനം കൊണ്ടുള്ള പ്രധാന നേട്ടം. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ഈ പദ്ധതി രോഗികൾക്ക് ഏറെ ആശ്വാസകരമാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വാൻ ഫ്ലാഗ് ഓഫ് ചെയ്തത്. സാമ്പിളുകൾ ശേഖരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ, ബയോ-സേഫ്റ്റി കാബിനറ്റ്, സാമ്പിളുകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള സെൻട്രിഫ്യൂജുകൾ, ഐസ്-ലൈൻ ചെയ്ത റഫ്രിജറേറ്റർ തുടങ്ങി നിരവധി സംവിധാനങ്ങൾ വാനിലുണ്ട്. മെഡിക്കൽ കോളേജ് ക്യാമ്പസിൽ എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 9.30 മുതൽ 12.30 വരെ സാമ്പിളുകൾ സ്വീകരിക്കും.