പഴക്കം നൂറ് വർഷം ! കരുത്തറിയിക്കാൻ കുറ്റിക്കോട്ടയിൽ വള്ളം എത്തുന്നു
കുമരകം : കുമരകം ജലോത്സവത്തിൽ മാറ്റുരയ്ക്കാൻ നൂറിലധികം വർഷം പഴക്കമുള്ള കൊതുമ്പുവള്ളം എത്തുന്നു. വള്ളംകളി പ്രേമിയും, പൊതു പ്രവർത്തകനുമായിരുന്ന കുറ്റിക്കോട്ടയിൽ വിശ്വനാഥന്റെ സ്മരണകൾ പുതുക്കുകയാണ് കുറ്റിക്കോട്ടയിൽ കളിവള്ളം. കുറ്റിക്കോട്ടയിൽ കുടുംബം സമ്മാനിച്ച വള്ളം കുമരകം ശ്രീനാരായണ സ്പോർട്സ് ക്ലബ്ബാണ് മത്സരത്തിന് എത്തിക്കുന്നത്.
തിരുവോണനാളിൽ കുമരകം കോട്ടത്തോട്ടിൽ നടക്കുന്ന മത്സരവള്ളംകളിയിൽ ഒരാൾ തുഴയുന്ന വള്ളങ്ങൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട കുറ്റിക്കോട്ടയിൽ കുടുംബം തലമുറ കൈമാറിവന്ന കളിവള്ളം ശ്രീനാരായണ സ്പോർട്ട്സ് ക്ലബ്ബിന് സമ്മാനിക്കുകയായിരുന്നു. ആഞ്ഞിലി തടിയിൽ തീർത്ത ഒരാൾക്ക് ഇരിക്കാവുന്ന വള്ളത്തിന് 12 അടി നീളമുണ്ട്. എസ്.എൻ.എ.സി കുറ്റിക്കോട്ടയിൽ എന്ന പേരിലാണ് വള്ളം മത്സരത്തിന് എത്തുന്നതെന്ന ക്ലബ്ബ് വൈസ് പ്രസിഡന്റ് മധുകൃഷ്ണവിലാസം പറഞ്ഞു.
കുറ്റിക്കോട്ടയിൽ വീട്ടിൽ കുഞ്ഞുണ്ണി നിർമ്മിച്ച വള്ളം അദ്ദേഹത്തിന്റെ മകൻ വിശ്വനാഥൻ ഉപയോഗിച്ചിരുന്നു. വിശ്വനാഥൻരെ മരണശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന വള്ളം അദ്ദേഹത്തിൻ്റെ പത്നി അമ്മുക്കുട്ടി അമ്മയ്ക്കു വേണ്ടി മകളുടെ ഭർത്താവ് രാജേന്ദ്രൻ ക്ലബ്ബിനു സമ്മാനിച്ചു. ചടങ്ങിൽ സെക്രട്ടറി കെ.വി അനിൽകുമാർ, ഖജാൻജി സി.പി ഭൂപേഷ് , ഭാരവാഹികളായ ജിസൻ, സലിമോൻ കെ.സി. സാബു എന്നിവർ പങ്കെടുത്തു.