ഓണപ്പൂവസന്തത്തെ വരവേറ്റ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്
ജമന്തി പൂകൃഷി വിളവെടുപ്പ് ആഘോഷമാക്കി നാട്ടുകാർ
തിരുവനന്തപുരം: തരിശു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പൂ കൃഷി വൻവിജയം. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും വർണവസന്തമൊരുക്കി ജമന്തി പൂക്കൾ വിളവെടുപ്പിന് ഒരുങ്ങി. ഓണക്കാല പൂകൃഷിയുടെ ഭാഗമായുള്ള ജമന്തിപ്പൂക്കളുടെ വിളവെടുപ്പ് ഉത്സവം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കൃഷി വകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ ഹരിതകേരള മിഷൻ എന്നിവരുടെ പങ്കാളിത്തത്തോടെ 53 ഏക്കറോളം സ്ഥലത്താണ് കൃഷി ഇറക്കിയത്. വിവിധ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത 114 കുടുംബശ്രീ, ജെഎൽജി, വനിത കൃഷിക്കൂട്ടങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കിയത്.
ബ്ലോക്ക് പരിധിയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ഒരു ഹെക്ടർ, കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് ഹെക്ടർ, മടവൂർ ഗ്രാമപഞ്ചായത്തിൽ നാല് ഹെക്ടർ, നഗരൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് ഹെക്ടർ, നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ 3.5 ഹെക്ടർ, പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ഒരു ഹെക്ടർ, പഴയകുന്ന് ഗ്രാമപഞ്ചായത്തിൽ രണ്ട് ഹെക്ടർ, പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ നാല് ഹെക്ടർ പ്രദേശങ്ങളിലാണ് പൂകൃഷി ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഓറഞ്ച് നിറത്തിലുള്ള വി.ജെ ബുഷ്, സുപ്രീം ഓറഞ്ച്, അശോക ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ഹൈബ്രിഡ് ഇനങ്ങളും ബ്ലോക്കിന്റെ കീഴിലുള്ള അഗ്രോ ർവീസ് സെന്ററിൽ ഉത്പാദിപ്പിച്ച്, കൃഷിഭവൻ വഴി കർഷക ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യുകയായിരുന്നു.
ജൂണിലായിരുന്നു നടീൽ ഉത്സവം. ഓണത്തിന് മുൻപ് തന്നെ പകുതി വിളവെടുപ്പിന് തയാറായതിനാൽ നല്ലൊരു വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷക ഗ്രൂപ്പുകൾ. പ്രാദേശിക പൂക്കച്ചവടക്കാർക്കും അമ്പലങ്ങളിലെ ആവശ്യങ്ങൾക്കുമാണ് നിലവിൽ പൂവ് വിൽപ്പന നടത്തുന്നത്. ഒരു പുവിന് ശരാശരി 40 ഗ്രാം വരെ തൂക്കം വരുമെന്നതിനാൽ ഒരു കിലോക്ക് 30 മുതൽ 40 വരെ പൂക്കൾ മതിയാകും. നിലവിൽ കിലോയ്ക്ക് 50 രൂപ മുതൽ 60 രൂപ വരെ വില ലഭിക്കുന്നുണ്ട്.
ഓണ പരിപാടികൾക്കും വീടുകളിൽ അത്തപ്പൂക്കളം ഇടുന്നതിനും ആവശ്യമായ പൂക്കൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൃഷിവകുപ്പിന്റെ ആഴ്ച ചന്ത, ഓണ ചന്ത, ഇക്കോഷോപ്പ് എന്നിവ വഴി വിറ്റഴിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ.
കിളിമാനൂർ സാംസ്‌കരിക നിലയത്തിൽ നടന്ന ചടങ്ങിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.മനോജ് അധ്യക്ഷനായിരുന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി സബീന.എൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫാത്തിമ പോൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബിത എസ് ആർ, ഹരിതകേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ പ്രവീൺ.പി എന്നിവരും പങ്കെടുത്തു.