പെൺമനം കവർന്ന് മകംകാന്തി

 
Kottayam

കുമരകം : മുഖകാന്തി വർധിപ്പിക്കാൻ പഴങ്ങളും പച്ചക്കറിയും ആയുർവ്വേദ മരുന്നുകളും , സ്വന്തം ജീവിതാനുഭവത്തിൽ നിന്നും രാസവസ്തുക്കളില്ലാത്ത സൗന്ദര്യ വർദ്ധക ഉല്പന്ന നിർമ്മാണത്തിലൂടെ കുമരകം സ്വദേശിനിയായ ബ്യൂട്ടീഷ്യൻ പത്മവിലാസം വീട്ടിൽ അനിതാബോസ് കേരളമറിയുന്ന വനിതാ സംരംഭകയായി. കുമരകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പതിവായി എത്തിയിരുന്ന  വനിത സഞ്ചാരി അനിതയുടെ ബ്യൂട്ടിപാർലറിൽ നിന്നും ഹോംമേയ്ഡ് ഫേയ്സ് പായ്ക്ക് ഉപയോഗിച്ചതാണ് നാട്ടിൻപുറത്തെ ബ്യൂട്ടിഷ്യനെ കേരളമറിയാൻ കാരണമായത്. 

ഒരു ശതമാനം പോലും രാസവസ്തുക്കളില്ലാത്ത ഫേയ്സ് പായ്ക്ക് നൽകുന്ന റിസൾട്ട് അനുഭവിച്ചറിഞ്ഞ സഞ്ചാരി 14-ാമത് 24 ഫെയിംസ് ഗ്ലോബൽ പി.കെ റോസി അവാർഡിലേയ്ക്ക് അനിതയെ നാമനിർദ്ദേശം ചെയ്തു. ഫേയ്സ് പായ്ക്ക് റിസൾട്ടും അത് നിർമ്മിക്കാനുള്ള സാഹചര്യവും മാനദണ്ഡമാക്കി പി.കെ റോസി അവാർഡിന് അനിതബോസ് അർഹയായി. തുടർന്ന് സർദ്ദാർ വല്ലഭായി പട്ടേൽലൈഫ് ടൈം അച്ചീവുമെന്റ് അവാർഡും കരസ്ഥമാക്കി.

 20 വർഷം മുൻപാണ് അനിതബോസ് ബ്യൂട്ടീഷ്യൻ രംഗത്തേയ്ക്ക് എത്തുന്നത്. ബ്യൂട്ടിപാർലറിലേക്ക് വേണ്ടിയുള്ള ഏത് ഉല്പന്നവും സ്വന്തമായി ഉപയോഗിച്ച ശേഷമാണ് അനിത കസ്റ്റമേഴിസിന് നൽകിയിരുന്നത്. പത്ത് വർഷം മുൻപ് ഫേഷ്യൽ ചെയ്തപ്പോൾ മുഖത്ത് അലർജ്ജി വന്നതിനെ തുടർന്നാണ് കെമിക്കൽ ഇല്ലാത്ത ഫേയ്സ് പായ്ക്ക് എന്ന ചിന്തയിലേക്ക് അനിത എത്തുന്നത്. അതിനുള്ള ശ്രമങ്ങൾ ചെന്ന് അവസാനിച്ചത് മകം കാന്തി എന്ന ഫേസ് പാക്ക് നിർമ്മാണത്തിലാണ്. ഓറഞ്ച് , മാതളം , അലോവേര തുടങ്ങിയ വിവിധങ്ങളായ പഴങ്ങളും പച്ചക്കറികളും ആയൂർവ്വേദ പച്ചമരുന്നുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന വിപണിയിൽ ലഭിക്കാത്ത ഫേസ്പാക്കിന് വേണ്ടി സ്ത്രീജനങ്ങൾ അനിതയെ തേടിയെത്തുന്നു. 
കുമരകം ചക്രംപടിയിലെ ഫെയർ എവർ എന്ന തന്റെ ബ്യൂട്ടിപാർലറിൽ എത്തുന്ന കസ്റ്റമേഴ്സിന് വേണ്ടി മാത്രമാണ് രാസവസ്തുക്കളില്ലാത്ത മകംകാന്തി ഇപ്പോൾ നിർമ്മിക്കുന്നത് .

 മകംകാന്തി ഫേയ്സ് പായ്ക്ക് വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് അനിത ബോസ് .