19 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

 
Crm

വട്ടിയൂര്‍ക്കാവ്: 19 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ് നേതാവിനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ കാവല്ലൂര്‍ നന്ദനംവീട്ടില്‍ മുരുകനെ (49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 19 കാരിക്ക് ജോലി വാഗ്ധാനം നല്‍കി വ്യാഴാഴ്ച ഇന്റര്‍വ്യൂവിനെന്നുപറഞ്ഞ് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാറില്‍ വട്ടപ്പാറ എത്തിച്ച യുവതിയെ സമയം താമസിച്ചുപോയി എന്നു പറഞ്ഞ് ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയ ശേഷം കാറില്‍ യാത്ര തുടരുകയും ഇതിനിടയിലാണ് പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. 

പെണ്‍കുട്ടി എതിര്‍ത്തതോടെ ഇക്കാര്യം ആരോടും പറയരുതെന്ന് അപേക്ഷിക്കുകയും ആരെങ്കിലും ചോദിച്ചാല്‍ ജോലി സ്ഥലത്ത് പോയതാണെന്നു പറഞ്ഞാല്‍ മതിയെന്നും പറഞ്ഞ് പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കിവിട്ട ശേഷം മുരുകന്‍ കാറുമായി കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.