കൂൺ കൃഷിക്കു സഹായ വാഗ്ദാനം; രണ്ടു ലക്ഷംരൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ


മെഡിക്കൽ കോളജ്: ഫേസ് ബുക്കു വഴി കൂൺ കൃഷിക്കു വേണ്ട സഹായങ്ങൾ നൽകുമെന്ന് പ്രചരിപ്പിച്ച് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ബിനു എൻ. ദാസ് എന്നയാളെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റു ചെയ്തത്. 2023 ൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റു ചെയ്തത്. മഷ്റൂം റിസർച്ച് ആൻ്റ് ഡവലപ്മെൻ്റ് ഓർഗനൈസേഷൻ എന്ന സ്ഥാപനത്തിൻ്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രതി പരസ്യം നൽകിയത്.
ഇതേക്കുറിച്ച് അന്വേഷിച്ച മെഡിക്കൽ കോളജ് മഠത്തുവിള സ്വദേശിയോട് കൂൺ കൃഷിക്കു വേണ്ട പരിശീലനവും വിത്തുകളും നൽകുമെന്നും കൃഷിക്ക് ആവശ്യമായ ഹൈടെക് ഷെഡും മുദ്രാ ലോണും ശരിയാക്കി നൽകുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് പ്രതി നേരിട്ട് വീട്ടിലെത്തിയും ഗൂഗിൾ പേ വഴിയും പല തവണയായി 2,06,750/- രൂപ കൈപ്പറ്റി. അതിനു ശേഷം വാഗ്ദാനം ചെയ്ത സേവനമോ കൈപ്പറ്റിയ തുകയോ ലഭിച്ചില്ലെന്നായിരുന്നു പരാതി. പ്രതിയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് പറഞ്ഞു.