ഒലിവ് റിഡ്‌ലി ആമയെ രക്ഷപ്പെടുത്തി

 
AAma

കോവളം: തീരക്കടലിൽ ഒഴുകിനടന്നിരുന്ന പ്രേതവലയിൽ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ ഒലിവ് റിഡ്‌ലി ആമയെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ എട്ടിന് കോവളത്തെ ഗ്രോവ് ബീച്ചിൽ കടലിൽ നീന്തൽ പരിശീലനത്തിനു നേതൃത്വം നൽകാനെത്തിയ  സ്‌കൂബ കൊച്ചിൻ ഡൈവിങ് കേന്ദ്രത്തിന്റെ പരിശീലകരാണ് വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുള്ള ആമയെ കണ്ടെത്തിയത്. തുടർന്ന് പരിശീലകനായ ചാൾസ് ആമയെ തീരത്തെത്തിച്ചു. 

ഏതാനും ദിവസങ്ങൾ വലയിൽ കുരുങ്ങി കിടക്കുകയായിരുന്നെന്നാണ് നിഗമനം. ഏതാണ്ട് 25 കിലോ ഭാരം വരുന്ന ആമ താരതമ്യേന പ്രായം കുറഞ്ഞതാണ്. പ്രദേശവാസികളും വിദേശികളായ വിനോദസഞ്ചാരികളും ചേർന്ന്  വല മുറിച്ചു. പിന്നീട് ആമയെ കടലിലേക്കു തിരിച്ചയച്ചു. കാഴ്ചയിൽ മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നു മറ്റൊരു പരിശീലകനായ വിൻസ് പിന്നീട് വ്യക്തമാക്കി. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് (ഐ.യു.സി.എൻ) അവരുടെ ചെമ്പട്ടികയിൽ (റെഡ് ലിസ്റ്റ് ) ദുർബലം (Vulnerable species) എന്ന വിഭാഗത്തിലാണ് ഈ ആമയെ ഉൾപ്പെടുത്തിയിട്ടുള്ളത്.