പാലാ സ്വദേശി ജിൻസൺ ഓസ്‌ട്രേലിയയിൽ മന്ത്രിയാകും
പാലാ: പാലാ മൂന്നിലവ് സ്വദേശി ജിൻസൺ ആൻ്റോ ചാൾസ് ഓസ്‌ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ഒരുങ്ങുന്നു. ആൻ്റോ ആൻ്റണി എംപിയുടെ സഹോദരൻ ചാൾസിൻ്റെ മൂത്ത മകനാണ്. നോർത്തേൺ ടെറിട്ടറി സ്റ്റേറ്റിലെ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്ന് ലിബറൽ പാർട്ടി ടിക്കറ്റിൽ ജിൻസൺ വിജയിച്ചു.
ലേബർ പാർട്ടി പ്രതിനിധിയും മുൻ ആഭ്യന്തര മന്ത്രിയുമായ കേറ്റ് വേഡനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വിജയത്തെ തുടർന്ന് ജിൻസണിന് കായികം, കല, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ അനുവദിച്ചു.
2011ലാണ് ജിൻസൺ ആൻ്റോ ചാൾസ് നഴ്‌സായി ഓസ്‌ട്രേലിയയിലെത്തിയത്. നോർത്തേൺ ടെറിട്ടറി ഗവൺമെൻ്റിൻ്റെ ടോപ്പ് എൻഡ് മെൻ്റൽ ഹെൽത്ത് ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. മലയാളി അസോസിയേഷൻ മുൻ പ്രസിഡൻ്റ് കൂടിയാണ്.
ചാലക്കുടി സ്വദേശിയായ ഭാര്യ അനുപ്രിയ ടോപ് എൻഡ് മെൻ്റൽ ഹെൽത്തിൽ ക്ലിനിക്കൽ കൺസൾട്ടൻ്റായി ജോലി ചെയ്യുന്നു. ദമ്പതികൾക്ക് ആമി കെയ്റ്റ്ലിൻ ജിൻസൺ, അന്ന ഇസബെൽ ജിൻസൺ എന്നീ രണ്ട് മക്കളുണ്ട്.
മൂന്നിലവിലെ ജിൻസൻ്റെ വീട്ടിലെത്തിയ ആൻ്റോ ആൻ്റണി എംപി ജിൻസനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കുടുംബാംഗങ്ങൾ ഒത്തുകൂടി കേക്ക് മുറിച്ച് ആഘോഷിച്ചു.