ജന്മഗൃഹത്തെ ഭക്തസാന്ദ്രമാക്കി തീര്‍ത്ഥയാത്ര രജത ജൂബിലി

ചന്ദിരൂര്‍ (ചേര്‍ത്തല) : ഭക്തിയുടെ നിറവില്‍ ഇന്ന് ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചില്‍ ജന്മഗൃഹതീര്‍ത്ഥയാത്ര രജതജൂബിലി ആഘോഷം നടന്നു. രാവിലെ 8.00 മണിക്ക് കുമ്മറത്തുപടിയില്‍ നിന്നും ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്ര ആരംഭിച്ചു. സന്ന്യാസി സന്ന്യാസിനിമാര്‍, ബ്രഹ്മചാരി ബ്രഹ്മചാരിണിമാര്‍, ആത്മബന്ധുക്കള്‍ എന്നിവര്‍ അണിനിരന്ന തീര്‍ത്ഥയാത്ര അഖണ്ഡനാമത്താല്‍ അന്തരീക്ഷമുഖരിതമായി.
അരൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ നൗഷാദ് കുന്നേല്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍, സീനത്ത് ഷിഹാബുദ്ദീന്‍, മാണിക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ജോസഫ് കുറ്റൂര്‍, സയ്യിദ് മുഹമ്മദ് യാസീൻ അൽ ഹൈദ്രൂസി തുടങ്ങിയവര്‍ യാത്രയില്‍ മുഖ്യധാരയില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ആശ്രമത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും സന്ന്യാസിമാരും ആത്മബന്ധുക്കളും ചൊവ്വാഴ്ച വൈകിട്ടുമുതല്‍ എത്തിച്ചേര്‍ന്നിരുന്നു. ആദ്യകാല ജന്മഗൃഹ തീര്‍ത്ഥാടകരെ ഇന്ന് ചന്ദിരൂര്‍ ആശ്രമത്തില്‍ ആദരിക്കുന്ന ചടങ്ങും നടക്കുന്നു. ശശികുമാര്‍ എം.ഡി, കൃഷ്ണപിള്ള എൻ.കെ, തപൻ നന്ദി തുടങ്ങിയ ആത്മബന്ധുക്കള്‍ ഇതില്‍ സംബന്ധിക്കും. രാവിലെ 11.00 മണിക്ക് തീര്‍ത്ഥയാത്ര പ്രാര്‍ത്ഥനാ സങ്കല്പങ്ങളോടെ സമാപിച്ചു. തുടര്‍ന്ന് ജന്മഗൃഹത്തില്‍ പൊതു സമ്മേളനം നടക്കും. സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.