ക്ഷേത്രത്തില്‍ കവര്‍ച്ച; സ്വര്‍ണവും പണവും നഷ്ടമായി


വട്ടിയൂര്‍ക്കാവ്: കുലശേഖരം കടയല്‍മുടുമ്പ് ദേവീക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവില്‍ , കമ്മിറ്റി ഓഫീസ് , തിടപ്പളളിമുറി എന്നിവയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ സ്വര്‍ണവും കാണിക്കയും സി.സി.ടി.വി യുടെ ഡി.വി.ആറും കവര്‍ന്നെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കിയത്. തുടര്‍ന്ന് വിവരം ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
ഓഫീസില്‍ സൂക്ഷിച്ചിരുന്ന നാല് ഗ്രാം തൂക്കം വരുന്ന മൂന്ന് സ്വര്‍ണ പൊട്ടുകളും രണ്ട് ചെറിയ മാലകളും 13, 000 രൂപയും നഷ്ടമായി. ഭണ്ഡാരം കുത്തിപ്പൊളിച്ചും പണം കവര്‍ന്നെടുത്തു. വിരലടായാള വിദഗ്ധരും ഡോഗ് സ്‌ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അടുത്തിടെ വട്ടിയൂര്‍ക്കാവ് , കുലശേഖരം , മരുതന്‍കുഴി , കാച്ചാണി ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധ ശല്യം വര്‍ദ്ധിച്ചതായും പൊലീസ് ഈ ഭാഗങ്ങളില്‍ തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രികാല പൊലീസ് പടോളിങ് ശക്തമാക്കണമെന്നും ആവശ്യമുയരുന്നു.