വാക്ക് പാലിച്ച് സർക്കാർ: ജെ. ചിഞ്ചുറാണി

 
chinju

തൊടുപുഴ: ഭക്ഷ്യ വിഷബാധ മൂലം 13 പശുക്കളെ നഷ്ടപ്പെട്ട വെള്ളിയാമറ്റത്തെ കുട്ടിക്കർഷകർക്ക് ആശ്വാസമേകി സംസ്ഥാന സർക്കാർ. കെ.എൽ.ഡി.ബി യുടെ മാട്ടുപ്പെട്ടി ഫാമിൽ നിന്നും എത്തിച്ച അത്യുൽപ്പാദനശേഷിയുള്ള എച്ച്എഫ് ഇനത്തിൽപ്പെട്ട  ഗർഭിണികളായ അഞ്ച് പശുക്കളെ ഇൻഷ്വറൻസ് പരിരക്ഷയോടുകൂടി മുഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കുട്ടികൾക്ക് കൈമാറി.  

ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം പഞ്ചായത്തിൽ മാത്യു ബെന്നി കിഴക്കേ പറമ്പിൽ എന്ന വിദ്യാർത്ഥി കർഷകന്റെ 22 പശുക്കളുള്ള ഫാമിൽ തീറ്റ വിഷബാധമൂലം 13 ഉരുക്കൾ മരണപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് മാത്യു ബെന്നിയുടെ വീട്ടിൽ എത്തിയിരുന്നു. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ പശുക്കൾ. 

പിതാവിന്റെ മരണം മൂലം അനാഥമായ കുടുംബത്തിന്റെ ഉത്തരവിദിത്വം ഏറ്റെടുത്ത് പ്രതികൂല ജീവിത സാഹചര്യത്തിൽ പശു വളർത്തലിലൂടെ ഏവർക്കും അഭിമാനവും, മാതൃകയുമായി മാറിയ മാത്യുവിന് കഴിയുന്ന എല്ലാ സഹായങ്ങളും പിന്തുണയും സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും നൽകിയിരുന്നു. 

അതിനോടൊപ്പം മിൽമ എറണാകുളം മേഖലാ യൂണിയൻ വാഗ്ദാനം ചെയ്ത അടിയന്തിരധനസഹായമായ 45000 രൂപയും, കേരളാ ഫീഡ്സ് സൗജന്യമായി നൽകിയ ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും കൈമാറി. 2021ലെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നേടിയ ആളാണ് മാത്യു. മാത്യുവിന്റെ ഈ മേഖലയോടുള്ള താൽപ്പര്യം മനസ്സിലാക്കി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പശു വളർത്തലിന് ആവശ്യമായ സഹായങ്ങൾ മുൻകാലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. 

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, ഗോവര്‍ധിനി, ഗ്രാമപഞ്ചായത്ത് എസ്.എല്‍.ബി.പി, കറവപ്പശു വിതരണം, തീറ്റപ്പുല്‍ കൃഷി ധനസഹായം, കറവപ്പശുവിന് കാലിത്തീറ്റ വിതരണം, ധാതുലവണ വിതരണം മുതലായ നിരവധി പദ്ധതികളിലൂടെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും സര്‍ക്കാരിന്റെ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാവുമെന്നും മന്ത്രി ഉറപ്പു നല്‍കി. 

എല്ലാ ക്ഷീരകര്‍ഷകരും ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്തി മൃഗസംരക്ഷണ മേഖലയെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, കേരളാ ലൈവ്സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ആർ രാജീവ്, കേരളാ ഫീഡ്സ്  മാനേജിംഗ് ഡയറക്ടർ ബി ശ്രീകുമാർ, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.