പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കാൻ കാലതാമസം വരുത്തിയ എസ്. ഐ ക്കെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ

 
Human Rights Commission

തിരുവനന്തപുരം : കഴക്കൂട്ടം എസ്. ഐ ക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പോലീസ് കൈകാണിച്ചപ്പോൾ ഇരുചക്രവാഹനം നിർത്താത്തതിന്റെ പേരിൽ പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കുന്നതിന് 13 ദിവസത്തെ കാലതാമസം വരുത്തിയതിനാലാണ് എസ്. ഐ  ജിനുവിന്റെ പേരിൽ അനുയോജ്യമായ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്. വാഹനത്തിന് തേഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാത്തതു കാരണമാണ് വാഹനം നിർത്താത്തതെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. 

എന്നാൽ പ്രസ്തുത നിയമ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം വാഹനം വിട്ടു നൽകേണ്ടതായിരുന്നുവെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പോലീസ് പിടിച്ചെടുത്ത വാഹനം പരാതിക്കാരന് തിരികെ കിട്ടുന്നത് 45 ദിവസങ്ങൾക്ക് ശേഷമാണ്. പരാതിക്കാരനെ മനപൂർവം ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശം എസ്. ഐ ക്കുണ്ടായിരുന്നതായി സംശയിക്കേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം വീഴചകൾ എസ്. ഐ മേലിൽ ആവർത്തിക്കാതിരിക്കാനാണ് ശിക്ഷ നൽകേണ്ടത്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 

ചെമ്പഴന്തി ഉഴിയാഴത്തുറ സ്വദേശി സി. പരമേശ്വരൻ നായർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. 

2022 ഓഗസ്റ്റ് 17 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് പരാതിക്കാരന്റെ സ്ഥാപനത്തിലെത്തി പോലീസ്  വാഹനം കസ്റ്റഡിയിലെടുത്തു. 13 ദിവസങ്ങൾക്ക് ശേഷമാണ് വാഹനം കോടതിക്ക് നൽകിയത്.  സെപ്റ്റംബർ 28 നാണ് കോടതി വാഹനം വിട്ടു കൊടുത്തത്.  വാഹനം കോടതിയിൽ സമയബന്ധിതമായി ഹാജരാക്കുന്നതിൽ കഴക്കൂട്ടം എസ്. ഐ ജിനുവിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. എന്നാൽ എസ്. ഐ തന്റെ ഭാഗം ന്യായികരിച്ചു.