അമ്മമാർക്ക് സാന്ത്വനമായി അവരെത്തി, സേവനസന്നദ്ധരായി

 
TVM

തിരുവനന്തപുരം: കാക്കിയണിഞ്ഞ 60 കുട്ടികൾ. രാവിലെ അവർ കൂട്ടത്തോടെ കടന്നുവന്നപ്പോൾ ആ അമ്മമാർ ഒന്നമ്പരന്നു. തങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും ആവശ്യമായ കാര്യങ്ങൾ ചെയ്തുതരാനുമാണ് കാക്കിധാരികൾ വന്നത് എന്നറിഞ്ഞപ്പോൾ അമ്മമാരുടെ മുഖം തെളിഞ്ഞു, നിറഞ്ഞ സന്തോഷം.

തിരുവനന്തപുരം പൂജപ്പുര വനിതാ വൃദ്ധസദനത്തിൽ 2 കേരള ബറ്റാലിയൻ എൻ.സി.സി. സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നു വേദി. അമ്മമാർക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണ സഹായം ലഭ്യമാക്കുന്നതിന് കേഡറ്റുകൾ നേതൃത്വം നൽകി. തിരുവനന്തപുരം സൈനിക ആശുപത്രിയിൽ നിന്നുള്ള 2 ഡോക്ടർമാർ, നെയ്യാർ മെഡിസിറ്റിയിൽ നിന്നുള്ള നേത്രരോഗവിദഗ്ദ്ധൻ എന്നിവരാണ് ആരോഗ്യപരിശോധന നടത്തിയത്.

തിരുവനന്തപുരം ജനറൽ ആശുപത്രി, പ്രാദേശിക മെഡിക്കൽ റെപ്രസെൻ്റേറ്റീവുകൾ എന്നിവരിൽ നിന്ന് മരുന്നുകൾ ശേഖരിച്ചു നല്കി. ബാക്കിയുള്ളവ സമീപത്തെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് അവശ്യ മരുന്നുകൾ ക്രമീകരിച്ചു.

2 കേരള ബറ്റാലിയൻ  കമാൻഡിങ് ഓഫീസർ കേണൽ ജെ.എസ്.ചൗധരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേജർ ആനന്ദ് ചന്ദ്രശേഖരൻ എന്നിവർ ക്യാമ്പിന് മേൽനോട്ടം വഹിച്ചു. 

കഴിഞ്ഞ ഡിസംബർ 22നും 2 കേരള ബറ്റാലിയൻ എൻ.സി.സി. കേഡറ്റുകൾ വനിതാ വൃദ്ധസദനത്തിലെത്തിയിരുന്നു. അവിടേക്ക് ആവശ്യമായ സാധനങ്ങളും മരുന്നുകളും ബറ്റാലിയൻ  അന്നു വാങ്ങിനല്കി. അത്യാധുനിക ഫ്രിഡ്ജ്, മുതിർന്നവർക്കുള്ള ഡയപ്പറുകൾ, ബക്കറ്റുകൾ, മഗ്ഗുകൾ എന്നിവയുൾപ്പെടെയുള്ള സാധനസാമഗ്രികളാണ് വാങ്ങിനല്കിയത്. അതിൻ്റെ തുടർപരിപാടി എന്ന നിലയിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

എൻ.സി.സിയുടെ സേവനങ്ങൾക്ക് വൃദ്ധസദനം സൂപ്രണ്ട് നന്ദി പറഞ്ഞു.