പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
Jan 1, 2025, 18:19 IST
ഇടുക്കി: പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീണ യുവാവിന് ദാരുണാന്ത്യം. കാഞ്ഞാർവാഗമൺ റോഡിൽ പുത്തേടിനും കുമ്പങ്കാനത്തിനും ഇടയിൽ ചാത്തൻപാറയിലാണ് സംഭവം.
കരിങ്കുന്നം സ്വദേശി പരേതനായ മാത്യുവിൻ്റെ മകൻ അബിൻ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.50 ഓടെയായിരുന്നു അപകടം. മൂന്ന് സുഹൃത്തുക്കളോടൊപ്പം വാഗമണ്ണിലേക്ക് പോകുകയായിരുന്ന അബിൻ ചാത്തൻപാറയിൽ കാഴ്‌ച ആസ്വദിക്കാൻ വണ്ടി നിർത്തി. സുഹൃത്തുക്കൾ അവിടെ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം.
മൂലമറ്റത്തുനിന്നെത്തിയ ഫയർഫോഴ്‌സ് സംഘം അബിനെ രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ട് മണിയോടെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കാഞ്ഞാർ പോലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.