2026 - മുഖ്യമന്ത്രി ഇല്ലാത്ത സെക്രട്ടേറിയറ്റിന്റെ രോദനം
രജിത പ്രസന്ന രാജൻ
May 13, 2026, 19:04 IST
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് ഇപ്പോൾ ഒരു പ്രത്യേക നിശ്ശബ്ദതയുണ്ട്. സാധാരണയായി പുതിയ സർക്കാർ വരുമ്പോൾ കാണുന്ന ആവേശം, മന്ത്രിമാരുടെ വാഹനങ്ങളുടെയും “സാർ എത്തിയോ?” എന്ന ഓട്ടപ്പാച്ചിലിന്റെയും പകരം ഇപ്പോൾ അവിടെ കേൾക്കുന്നത് ഒരേയൊരു ചോദ്യമാണ് — “മുഖ്യമന്ത്രി ആരാ?”
ലിഫ്റ്റിൽ കയറുന്ന ഉദ്യോഗസ്ഥൻ പോലും ഇനി ഫയലിനേക്കാൾ ശ്രദ്ധിക്കുന്നത് ഡൽഹി വാർത്തകളിലാണ്. ഓരോ അഞ്ച് മിനിറ്റിലും മൊബൈൽ എടുത്ത് നോക്കും. “പ്രഖ്യാപിച്ചോ?” ഇല്ല. വീണ്ടും കാത്തിരിപ്പ്.
സെക്രട്ടേറിയറ്റിലെ കസേരകൾക്കും ഇപ്പോൾ മാനസിക സമ്മർദ്ദമുണ്ടെന്നാണ് വിവരം. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ കസേര. വർഷങ്ങളായി രാഷ്ട്രീയ ഭാരങ്ങൾ സഹിച്ച ആ പഴയ കസേര ഇപ്പോൾ ശൂന്യമായി ഇരുന്നു ചിന്തിക്കുകയാണത്രേ:
“എന്നെ ഇങ്ങനെ സസ്പെൻസ് ത്രില്ലെർ ആക്കേണ്ടിയിരുന്നോ?”
ഇതിനിടെ സെക്രട്ടേറിയറ്റിലെ ചായക്കടകളാണ് ഏറ്റവും സജീവമായ മന്ത്രിസഭ. അവിടെയാണ് യഥാർത്ഥ സത്യപ്രതിജ്ഞ നടക്കുന്നത്. ഓരോ ടേബിളിലും ഓരോ മുഖ്യമന്ത്രി.
“സതീശൻ തന്നെ വരും.”
“അല്ല, ഡൽഹി വേണുഗോപാലിനെയാണ് നോക്കുന്നത്.”
“ചെന്നിത്തല കോംപ്രോമിസ് കാൻഡിഡേറ്റ്ആ കും.”
ഇങ്ങനെ ഓരോ ചായക്കും ഒരു പുതിയ സർക്കാർ രൂപം കൊള്ളുന്നു.
ഫയലുകൾക്കും ഇപ്പോൾ ആശയക്കുഴപ്പം. ചില ഫയലുകൾ രണ്ടുദിവസമായി തുറക്കാതെ കിടക്കുകയാണെന്ന് പറയുന്നു. കാരണം ഒപ്പിടാൻ ആരുടെ ഫോട്ടോ ഫ്രെയിം വെക്കണമെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല. ഒരു വിഭാഗം പഴയ ചിത്രം മാറ്റാൻ നോക്കുമ്പോൾ മറ്റൊരു വിഭാഗം പറയുന്നു:
“അവസരം കൂടെ കാത്തിരിക്കൂ… ഇന്നിറാത്രി മാറാം.”
സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥർ ഇപ്പോൾ ജ്യോതിഷന്മാരെക്കാൾ ബിസി ആണ്. MLA മാർ എവിടെയെത്തി, ആരൊക്കെ ഡൽഹിയിൽ കയറി, ആരൊക്കെ Rahul Gandhiയെ കണ്ടു, ആരുടെ campൽ എത്ര സപ്പോർട്ട് — ഇതെല്ലാം ലൈവ് ട്രാക്കിങ് നടക്കുന്നു.
രാഹുൽ ഗാന്ധിക്കും മല്ലികർജുൻ ഖർജ്ക്കും ഇപ്പോൾ കേരളത്തിലെ കാലാവസ്ഥാ വകുപ്പിനേക്കാൾ കൂടുതൽ പ്രഷർ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. കാരണം കേരളത്തിൽ മഴ വരുമോ എന്നതിലേക്കാൾ “മുഖ്യമന്ത്രി വരുമോ?” എന്നതാണ് ജനങ്ങളുടെ വലിയ curiosity.
അതേസമയം, സെക്രട്ടേറിയറ്റിന്റെ കോറിഡോറുകൾക്ക് പുതിയൊരു വിനോദവുമുണ്ട്. ആരെങ്കിലും വേഗത്തിൽ നടക്കുന്നത് കണ്ടാൽ ഉടനെ gossip:
“ഇവൻ ഡൽഹിയിൽ നിന്നൊരു call കിട്ടിയ ആളാണെന്ന് തോന്നുന്നു…”
ഇതിനിടെ പ്രതിപക്ഷം ചിരിക്കുകയാണ്.
“സർക്കാർ രൂപീകരിക്കുന്നതിന് മുൻപേ അധികാരപോരാട്ടം തുടങ്ങിയല്ലോ!”
എന്നാൽ കോൺഗ്രസ് ക്യാമ്പുകളിൽ ഇപ്പോഴും പ്രതീക്ഷ ജീവിച്ചിരിക്കുന്നു. കാരണം കേരള രാഷ്ട്രീയത്തിൽ അവസാന നിമിഷം വരെ ക്ലൈമാക്സ് മാറാം എന്നത് എല്ലാവർക്കും അറിയാം.
ഒരുപക്ഷേ ഈ കാത്തിരിപ്പാണ് കേരളത്തിന്റെ യഥാർത്ഥ രാഷ്ട്രീയ പൈതൃകം. ഇവിടെ തിരഞ്ഞെടുപ്പ് ഫലം വന്നാലും കഥ തീരില്ല. യഥാർത്ഥ സിനിമ ഇന്റർവെൽ കഴിഞ്ഞാണ് തുടങ്ങുന്നത്.
ഇപ്പോൾ സെക്രട്ടേറിയറ്റും കാത്തിരിക്കുന്നു. കസേരയും കാത്തിരിക്കുന്നു. ഫയലുകളും കാത്തിരിക്കുന്നു.
പക്ഷേ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് കേരള ജനതയാണ് —
“സത്യപ്രതിജ്ഞ എപ്പോഴാ?”