3 ലക്ഷം ഹോട്ട് ഡോഗുകൾ, 215 ഗോളുകൾ, 46.4 ലക്ഷം ആരാധകർ
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതോടെ ടൂർണമെന്റ് ചരിത്രത്തിലെ നിരവധി റെക്കോർഡുകൾ തിരുത്തിയെഴുതി. ആദ്യമായി 48 ടീമുകൾ പങ്കെടുത്ത ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം 46,44,549 ആരാധകർ സ്റ്റേഡിയങ്ങളിലെത്തി. 72 മത്സരങ്ങളിലായി ശരാശരി 64,508 പേരാണ് ഓരോ മത്സരവും നേരിട്ട് വീക്ഷിച്ചത്. സ്റ്റേഡിയങ്ങളിലെ സീറ്റ് നിറവ് 99.7 ശതമാനത്തിലെത്തിയതും പുതിയ റെക്കോർഡാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 215 ഗോളുകൾ പിറന്നത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗ്രൂപ്പ് ഘട്ട ഗോൾ നേട്ടമായി. മത്സരത്തിന് ശരാശരി മൂന്ന് ഗോളെന്ന കണക്കിലാണ് വലകുലുങ്ങിയത്. ഫ്രാൻസ്, ജർമനി, നെതർലൻഡ്സ് ടീമുകൾ 10 ഗോളുകൾ വീതം നേടി മുന്നിലെത്തി. ഇതോടെ 2022 ഖത്തർ ലോകകപ്പിൽ മുഴുവൻ ടൂർണമെന്റിലുമായി പിറന്ന 172 ഗോളെന്ന റെക്കോർഡ് ഏറെ പിന്നിലായി.
മൈതാനത്തിന് പുറത്തും ലോകകപ്പ് റെക്കോർഡുകൾ സൃഷ്ടിച്ചു. ഗ്രൂപ്പ് ഘട്ടത്തിനിടെ സ്റ്റേഡിയങ്ങളിൽ 3 ലക്ഷം ഹോട്ട് ഡോഗുകളും 28 ലക്ഷം ബിയറുകളും വിറ്റഴിക്കപ്പെട്ടു. ഏകദേശം 10 ലക്ഷം വെള്ളക്കുപ്പികളും ആരാധകർ വാങ്ങി. ഹോട്ട് ഡോഗുകൾ ഒന്നിന് പിന്നാലെ ഒന്നായി നിരത്തിയാൽ ന്യൂയോർക്ക്–ജെഎഫ്‌കെ വിമാനത്താവളത്തിനിടയിലുള്ള ഏകദേശം 45 കിലോമീറ്റർ ദൂരം താണ്ടുമെന്നാണ് ഫിഫയുടെ കണക്ക്.
48 രാജ്യങ്ങളിൽ നിന്നായി 1,248 താരങ്ങളാണ് ലോകകപ്പിൽ രജിസ്റ്റർ ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിൽ 47 ടീമുകൾ ഗോൾ നേടി. കൂടാതെ ബോസ്നിയ ആൻഡ് ഹെർസഗോവിന, കേപ് വെർദെ, കാനഡ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കോട്ട് ദിവ്വാർ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തിയതും ടൂർണമെന്റിന്റെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരുടെ വൻ പിന്തുണയും റെക്കോർഡ് കാണികളും ആവേശകരമായ മത്സരങ്ങളും ചേർന്ന്, 2026 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയതും ജനപ്രീതിയേറിയതുമായ തുടക്കങ്ങളിലൊന്നായി മാറിയെന്ന് ഫിഫ വിലയിരുത്തി.