ഒരു തുള്ളി വെളിച്ചം; തന്നെക്കാണാൻ ഇരിക്കണം

 
Avadhoodh
Avadhoodh

അവധൂത് ജി

ധ്യാനസാധകൻ ഒരിക്കൽ ഒരു ധ്യാനശിബിരത്തിൽ പങ്കെടുത്തു.

ധ്യാനഗുരു : കണ്ണ് അടയ്ക്കൂ..
ശ്വാസം ശ്രദ്ധയോടെ കേൾക്കൂ.. പക്ഷേ നിങ്ങൾ ഒന്നും ചെയ്യരുത്.

ഒന്നും ചെയ്യരുത് എന്ന പ്രയോഗം ധ്യാനസാധകൻ്റെ ഉള്ളിൽ വലിയ ചിന്തകൾ സൃഷ്ടിച്ചു.

ഇതാണോ ധ്യാനം? ഒന്നും ചെയ്യാതെ ഇരുന്നാൽ അത് എങ്ങനെ എന്നെ സഹായിക്കും? ഞാൻ വന്നത് ധ്യാനിക്കുവാനാണല്ലോ.. ധ്യാനസാധകന്റെ ഉള്ളിൽ നിന്നും ഓരോരോ ചിന്തകൾ പൊന്തി വന്നു.

എങ്കിലും സാധകൻ കണ്ണടച്ചു തന്നെ തൻ്റെ ഇരുപ്പ് തുടർന്നുകൊണ്ടിരുന്നു.

അവനിൽ ചിന്തകൾ മഴപോലെ പെയ്തു കൊണ്ടിരുന്നു. അതിൽ
പഴയ ഓർമകൾ, വരാനിരിക്കുന്ന ഭാവിയിലെ ഭയം, ചെറിയ വിഷമങ്ങൾ... അങ്ങനെ പലതരം ചിന്തകൾ ഉണ്ടായിരുന്നു.

ഉള്ളിൽ സംഘർഷം. അതിനാൽ അവൻ കണ്ണ് തുറക്കാൻ പോകുമ്പോൾ ധ്യാനഗുരുവിന്റെ ശബ്ദം കേട്ടു.

ധ്യാനഗുരു : ചിന്തകളോട് പോരാടരുത്. അവ വന്നു നിന്നു കടന്നു പോകട്ടെ.

ധ്യാനസാധകൻ വീണ്ടും ശാന്തമായി ഇരുന്നു.

കുറച്ച് നേരത്തിന് ശേഷം 
സാധകൻ ശ്രദ്ധിച്ചു. തന്നിൽ ചിന്തകൾ വരുന്നു… പോകുന്നു…പക്ഷേ ഞാൻ അവയല്ല.
ഒരു നിമിഷം കൊണ്ട്
മനസ്സ് പെട്ടെന്ന്  ശാന്തമായി. അടഞ്ഞു കിടന്ന ഒരു വാതിൽ തുറന്നതുപോലെ..

ആദ്യമായി ഉള്ളിലെ ശൂന്യതയെ പേടിയില്ലാതെ നോക്കുവാനായി.

അത് അവനിൽ സമാധാനം സൃഷ്ടിച്ചു.
ധ്യാനം അവനിൽ പുതിയത് ഒന്നും നൽകിയില്ല. പക്ഷേ അനാവശ്യമായത് അവനിൽ നിന്നും എടുത്തുമാറ്റി എന്നു മാത്രം.

ധ്യാനഗുരു : ധ്യാനം എന്നത്
പുതിയതൊന്നും നേടൽ അല്ല.
നീ ആരാണെന്ന് അറിയലാണ്.