ഏഞ്ചലീന ജോളിക്കൊപ്പം പുതിയ ഹോളിവുഡ് പ്രോജക്ട്; ആവേശം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
മുംബൈ: ഹോളിവുഡ് താരം ഏഞ്ചലീന ജോളിക്കൊപ്പം പുതിയ പ്രോജക്ടിൽ ഒന്നിക്കുന്നതായി നടി പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി. എന്നാൽ ഇത് സിനിമയാണോ, സീരീസാണോ, മറ്റേതെങ്കിലും സംരംഭമാണോ എന്ന കാര്യത്തിൽ താരം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഈ പുതിയ സഹകരണം സ്ഥിരീകരിച്ചത്. ഹോളിവുഡിൽ താൻ ഏറെ ആരാധിക്കുന്ന അഭിനേത്രിമാരിൽ ഒരാളാണ് ഏഞ്ചലീന ജോളിയെന്നും, കൂടാതെ പെനലോപ്പി ക്രൂസ്, സൽമ ഹായക് എന്നിവരിൽ നിന്നും തനിക്ക് പ്രചോദനം ലഭിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
പ്രിയങ്കയുടെ ഹോളിവുഡ് കരിയർ ശക്തമായി മുന്നേറുകയാണ്. ഏഞ്ചലീന ജോളിക്കൊപ്പമുള്ള പ്രോജക്ടിന് പുറമെ ഓർലാൻഡോ ബ്ലൂം സഹതാരമാകുന്ന ഒരു ചിത്രവും എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന 'വാരാണസി' എന്ന ഇന്ത്യൻ ചിത്രവും താരത്തിന്റെ പുതിയ പ്രോജക്ടുകളുടെ പട്ടികയിലുണ്ട്.
ഹോളിവുഡിൽ കൂടുതൽ സ്വതന്ത്രമായി തനിക്ക് ഇഷ്ടമുള്ള പ്രോജക്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും പ്രിയങ്ക അഭിമുഖത്തിൽ വ്യക്തമാക്കി.