അബ്സല്യൂട്ട് സിനിമ’; ഡൊണാൾഡ് ട്രംപിന്റെ ടിക്‌ടോക്ക് വീഡിയോയിൽ നിന്ന് ടെയ്‌ലർ സ്വിഫ്റ്റിന്റെ ‘August’ നീക്കം ചെയ്തു
ഡൊണാൾഡ് ട്രംപിന്റെ ടീം ടിക്‌ടോക്കിൽ പങ്കുവെച്ച വീഡിയോയിൽ ഉപയോഗിച്ചിരുന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ ‘August’ എന്ന ഗാനം പിന്നീട് മ്യൂട്ട് ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച. ‘ടെയ്‌ലർ സ്വിഫ്റ്റ് ട്രംപിന്റെ വീഡിയോ മ്യൂട്ട് ചെയ്തോ?’ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ഉയരുന്നത്.
ട്രംപ്–മെലാനിയ ട്രംപ് എന്നിവർ ബാൽക്കണിയിൽ നിന്ന് വെടിക്കെട്ട് കാണുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ. “I’m sure @TaylorSwift is going to be super excited we used her song!” എന്ന പരിഹാസരൂപത്തിലുള്ള ക്യാപ്ഷനോടെയാണ് ടീം ട്രംപ് വീഡിയോ പങ്കുവെച്ചത്.
എന്നാൽ പിന്നീട് വീഡിയോയിലെ ‘August’യുടെ ഓഡിയോ ലഭ്യമല്ലാതായി. “The copyright owner hasn’t made this sound available in your country” എന്ന സന്ദേശമാണ് ടിക്‌ടോക്കിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് ടെയ്‌ലർ സ്വിഫ്റ്റ് തന്നെയോ അവരുടെ സംഘമോ ഗാനം നീക്കം ചെയ്യാൻ ഇടപെട്ടതാകാമെന്ന അഭ്യൂഹം ശക്തമായത്.
ഇത് സംബന്ധിച്ച് ടെയ്‌ലർ സ്വിഫ്റ്റ് നേരിട്ട് പ്രതികരിച്ചിട്ടില്ല. അതിനാൽ അവർ വ്യക്തിപരമായി വീഡിയോ മ്യൂട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മറ്റ് ടെയ്‌ലർ സ്വിഫ്റ്റ് ഗാനങ്ങൾ ഉപയോഗിച്ച ട്രംപ് ടീം വീഡിയോകളുടെയും ഓഡിയോ നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഓഡിയോ നീക്കം ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ടെയ്‌ലർ ആരാധകർ ആഘോഷവുമായി രംഗത്തെത്തി. ‘Absolute cinema’ എന്നതടക്കമുള്ള പ്രതികരണങ്ങളാണ് വൈറലാകുന്നത്.