ലോവ്‌ലിനയുടെ പ്രതിഷേധത്തിന് പിന്നാലെ നടപടി; തെറ്റ് അംഗീകരിച്ച് ഭൂപടം തിരുത്താമെന്ന് ഗ്ലാസ്‌ഗോ റെസ്റ്റോറന്റ്
കോമൺവെൽത്ത് ഗെയിംസിനിടെ ഗ്ലാസ്‌ഗോയിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ പ്രദർശിപ്പിച്ചിരുന്ന ഇന്ത്യയുടെ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒഴിവാക്കിയതായി ബോക്സർ ലോവ്‌ലിന ബോർഗോഹൈൻ ചൂണ്ടിക്കാട്ടിയ സംഭവത്തിൽ റെസ്റ്റോറന്റ് അധികൃതർ തെറ്റ് അംഗീകരിച്ച് ഭൂപടം തിരുത്താമെന്ന് ഉറപ്പുനൽകിയതായി ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BFI) പ്രസിഡന്റ് അജയ് സിങ് അറിയിച്ചു.
ഇന്ത്യൻ ബോക്സിങ് ടീമിന്റെ വിജയാഘോഷ വിരുന്നിനിടെയാണ് അസം സ്വദേശിയായ ലോവ്‌ലിന ഭൂപടത്തിലെ പിഴവ് ശ്രദ്ധയിൽപ്പെടുത്തിയത്. വടക്കുകിഴക്കൻ പ്രദേശം ഒഴിവാക്കിയിരിക്കുന്നത് തനിക്ക് വേദനയുണ്ടാക്കിയെന്നും ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കരുതെന്നും അവർ റെസ്റ്റോറന്റ് അധികൃതരോട് പറഞ്ഞു.
സംഭവത്തിൽ യാതൊരു തർക്കവുമുണ്ടായിട്ടില്ലെന്നും ഇത് ഒരു അബദ്ധമാണെന്ന് റെസ്റ്റോറന്റ് അധികൃതർ വ്യക്തമാക്കിയെന്നും അജയ് സിങ് പറഞ്ഞു. തെറ്റ് അംഗീകരിച്ച അവർ ഭൂപടം ഉടൻ തിരുത്തുമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു.