ആദിത്യ എൽ-1, ഐഎസ്ആർഒ ആദ്യ സിഗ്നലിനായി കാത്തിരിക്കുന്നു

 
ISRO

തിരുവനന്തപുരം: ഭൂമിയിൽ നിന്ന് 1.5 ലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റിൽ വിജയകരമായി എത്തിയതിന് ശേഷം ഇന്ത്യയുടെ ആദിത്യ എൽ-1 പേടക ഭ്രമണപഥം സുരക്ഷിതവും കൃത്യവുമായ തലത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഐഎസ്ആർഒ ആരംഭിച്ചു. ഐഎസ്ആർഒയുടെ ബെംഗളൂരുവിലെ ടെലിമെട്രിക് സെന്റർ ശക്തമായ ആശയവിനിമയ ബന്ധത്തിനായി കാത്തിരിക്കുകയാണ്. ഇത് നിലവിൽ വന്നാൽ പേടകത്തിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് ഭ്രമണപഥം ക്രമീകരിക്കാം.

ആദ്യ സിഗ്നലിനായി കാത്തിരിക്കുകയാണെന്ന് ഇന്നലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ആദിത്യ എൽ1 ടീമിലെ മുതിർന്ന അംഗവും എൽപിഎസ്‌സി ഡയറക്ടറുമായ ഡോ.വി.നാരായണൻ പറഞ്ഞു. സിഗ്നൽ എപ്പോൾ ലഭിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല.

ആദിത്യയുടെ പക്കൽ ഇപ്പോൾ 100 കിലോ ഇന്ധനം ബാക്കിയുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു. അഞ്ച് വർഷം ലഗ്രാഞ്ചിൽ താമസിച്ച് തിരുത്തലുകൾ വരുത്താൻ 60 കിലോ മതി. ഏഴ് കിലോമീറ്റർ നീളവും രണ്ട് കിലോമീറ്റർ വീതിയും ഒരു കിലോമീറ്റർ ഉയരവുമുള്ള ത്രിമാന ഭ്രമണപഥത്തിലായിരിക്കും ആദിത്യ ഭ്രമണം ചെയ്യുക.

ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി ഇത് സൂര്യനെ ചുറ്റുകയും ചെയ്യും. ആദിത്യ എൽ1 ശനിയാഴ്ച വൈകീട്ട് നാലോടെ ലഗ്രാഞ്ച് പോയിന്റിലെ ലക്ഷ്യസ്ഥാനത്തെത്തി. സെപ്തംബർ രണ്ടിനാണ് പേടകം വിക്ഷേപിച്ചത്.സൂര്യനെ നിരീക്ഷിക്കാൻ ഏഴ് ശാസ്ത്രീയ ഉപകരണങ്ങൾ ആദിത്യയുടെ പക്കലുണ്ട്.

ആദിത്യയുടെ വിജയം രാജ്യത്തിന്റെ വികസനത്തിനുള്ള മുതൽക്കൂട്ടാണെന്ന് എൽപിഎസ്‌സി ഡയറക്ടർ ഡോ.വി.നാരായണൻ പറഞ്ഞു. ആദിത്യ എൽ1 ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കാൻ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന് കഴിഞ്ഞു. 2024-25 ഗഗൻയാനിന്റെ വർഷമാണ്.

അടുത്ത ജിഎസ്എൽവി വിക്ഷേപണത്തിനും രാജ്യം ഒരുങ്ങുകയാണ്. 2035-ഓടെ രാജ്യത്തിന്റെ ബഹിരാകാശ നിലയം യാഥാർഥ്യമാകും. ആളില്ലാ റോക്കറ്റ് ഈ വർഷം പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.