32 വർഷങ്ങൾക്കിപ്പുറം മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിൽ
തിരുവനന്തപുരം: മലയാളികളുടെ എവർഗ്രീൻ ക്ലാസിക്കായ മോഹൻലാൽ–പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം വീണ്ടും തിയറ്ററുകളിലെത്തുന്നു. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ 4K ദൃശ്യ മികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയിലുമാണ് ഒക്ടോബർ 8ന് ആഗോളതലത്തിൽ റീ-റിലീസ് ചെയ്യുന്നത്.
മോഹൻലാൽ മാണിക്യനായും ശോഭന കാർത്തുമ്പിയായും നെടുമുടി വേണു ശ്രീകൃഷ്ണൻ തമ്പുരാനായും എത്തിയ ചിത്രത്തിന് ഇന്നും വലിയ ആരാധകവൃന്ദമുണ്ട്. പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും നിറഞ്ഞ ചിത്രത്തിലെ കഥാപാത്രങ്ങളും മുഹൂർത്തങ്ങളും പുതിയ തലമുറയിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഒറിജിനൽ 35 എം.എം. നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയത്. ഛായാഗ്രാഹകൻ കെ.വി. ആനന്ദിന്റെ ഫ്രെയിമുകൾ കൂടുതൽ വ്യക്തതയോടെ ബിഗ് സ്ക്രീനിൽ കാണാനാകുമെന്നതാണ് റീ-റിലീസിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ഒറിജിനൽ ചിത്രത്തിന്റെ ദൃശ്യഭാവം നിലനിർത്തിയാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയത്.
ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദ മിശ്രണവും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും എസ്.പി. വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പുതിയ സാങ്കേതിക മികവോടെ തിയറ്റർ അനുഭവം കൂടുതൽ മെച്ചപ്പെടുത്തും.
പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. റീ-റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച മോഹൻലാൽ, പ്രിയദർശനൊപ്പം ചെയ്ത സിനിമകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘തേന്മാവിൻ കൊമ്പത്ത്’ എന്ന് പറഞ്ഞു.