മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം തമിഴ്‌നാട്ടിൽ രാവിലെ ആറുമണിക്കുള്ള സിനിമാ പ്രദർശനങ്ങൾ തിരിച്ചെത്തുന്നു

ദീപാവലി റിലീസുകൾക്ക് നേട്ടമാകും
 
Entertainment

ചെന്നൈ: മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ രാവിലെ ആറുമണിക്കുള്ള സിനിമാ പ്രദർശനങ്ങൾക്ക് അനുമതി നൽകി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പുതിയ തമിഴ് സിനിമകളുടെ റിലീസിനോടനുബന്ധിച്ച് ആദ്യ ആഴ്ചയിൽ പ്രതിദിനം ആറു പ്രദർശനങ്ങൾ നടത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പുലർച്ചെ ആറുമുതൽ അടുത്ത ദിവസം പുലർച്ചെ 2.30 വരെ പ്രദർശനങ്ങൾ നടത്താം.

തമിഴ് സിനിമാ നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ എന്നിവരുടെ സംഘടനകൾ സർക്കാരിനോട് ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് പുതിയ തീരുമാനം. തമിഴ്‌നാട് സിനിമാസ് (റെഗുലേഷൻ) നിയമം 1957-ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കൂടുതൽ പ്രദർശനങ്ങൾക്ക് അനുമതി നൽകിയത്. വാരാന്ത്യങ്ങളിലും സംസ്ഥാനത്തെ പ്രാദേശിക ഉത്സവദിനങ്ങളിലും പൊതുഅവധികളിലും ആറു പ്രദർശനങ്ങൾ നടത്താനും അനുമതിയുണ്ട്.

2023 ജനുവരിയിൽ അജിത് കുമാറിന്റെ 'തുനിവ്' സിനിമയുടെ റിലീസിനോടനുബന്ധിച്ച് ചെന്നൈയിലെ തിയേറ്ററിന് പുറത്ത് ആരാധകർക്കിടയിലുണ്ടായ അപകടത്തെത്തുടർന്നാണ് പുലർച്ചെയുള്ള പ്രദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർന്ന് തിയേറ്ററുകളിലെ പ്രദർശനങ്ങളുടെ എണ്ണവും സമയവും നിയന്ത്രിക്കുകയായിരുന്നു. പുതിയ ഉത്തരവോടെ മൂന്ന് വർഷമായി നിലനിന്നിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാകും.

നവംബർ ആറിന് റിലീസ് ചെയ്യുന്ന സൂര്യ നായകനായ 'സീൻ' (Scene), നയൻതാര പ്രധാന വേഷത്തിലെത്തുന്ന 'മൂക്കുത്തി അമ്മൻ 2' (Mookuthi Amman 2) എന്നീ ചിത്രങ്ങൾക്കാണ് പുതിയ തീരുമാനത്തിന്റെ ആദ്യ നേട്ടം ലഭിക്കുക. കൂടുതൽ പ്രദർശനങ്ങൾ അനുവദിക്കുന്നതോടെ ആദ്യദിനം തന്നെ കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമകൾ എത്തിക്കാനും ബോക്സ് ഓഫീസ് വരുമാനം വർധിപ്പിക്കാനും കഴിയുമെന്നാണ് സിനിമാ മേഖലയിലെ പ്രതീക്ഷ.

അതേസമയം, തമിഴിൽ മൊഴിമാറ്റി റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്കും പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'രാമായണ'ത്തിന്റെ തമിഴ് പതിപ്പിനും അധിക പ്രദർശനങ്ങൾ ലഭിക്കുമോയെന്നാണ് സിനിമാ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ദീപാവലി റിലീസുകൾക്ക് മുന്നോടിയായുള്ള സർക്കാരിന്റെ തീരുമാനം തമിഴ് സിനിമാ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.