സോഷ്യൽ മീഡിയയ്ക്ക് പ്രായപരിധി: കുട്ടികളെ സംരക്ഷിക്കാൻ ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങളിലേക്ക്
കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, ഓൺലൈൻ സുരക്ഷ, സൈബർ പീഡനം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടെ, സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുന്നതിലേക്ക് ലോകത്തെ നിരവധി രാജ്യങ്ങൾ നീങ്ങുന്നു. സർക്കാരുകളും ടെക് കമ്പനികളും തമ്മിൽ ഇതുസംബന്ധിച്ച ചർച്ചകളും നിയമനടപടികളും സജീവമായിരിക്കുകയാണ്.
ഏറ്റവും കർശനമായ നിയമങ്ങളിലൊന്ന് നടപ്പാക്കിയ രാജ്യമാണ് ഓസ്ട്രേലിയ. 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കരുതെന്ന നിയമം നിലവിലുണ്ട്. നിയമം പാലിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്ക് വൻതുക പിഴയും നേരിടേണ്ടിവരും.
ബ്രിട്ടൻ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ഇതിനൊപ്പം ലൈവ് സ്ട്രീമിംഗ്, അപരിചിതരുമായി ആശയവിനിമയം, കുട്ടികളെ ആകർഷിക്കുന്ന ചില ഫീച്ചറുകൾ എന്നിവയ്ക്കും നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) 15 വയസാണ് സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള കുറഞ്ഞ പ്രായമായി നിശ്ചയിച്ചത്. അക്കൗണ്ട് തുറക്കാൻ കർശനമായ പ്രായപരിശോധന നിർബന്ധമാക്കിയതോടൊപ്പം കുട്ടികളുടെ ഡാറ്റ പരസ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇത്തരം നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. പ്രായപരിധി മാത്രം പ്രശ്നപരിഹാരമല്ലെന്നും, കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുകയും ടെക് കമ്പനികളുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയുമാണ് കൂടുതൽ ഫലപ്രദമെന്നുമാണ് വിദഗ്ധരുടെയും മനുഷ്യാവകാശ സംഘടനകളുടെയും അഭിപ്രായം.
ഇന്ത്യയിലും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ടെക് കമ്പനികളുമായി പ്രാഥമിക ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.