2030ഓടെ എഐ ആഗോള ജിഡിപി കുതിച്ചുയർത്താം

അറിവ് അധിഷ്ഠിത മേഖലകളിൽ തൊഴിൽ നഷ്ടത്തിന് സാധ്യത
 
Technology

2030ഓടെ കൃത്രിമ ബുദ്ധിയുടെ വ്യാപകമായ ഉപയോഗം സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് ആന്ത്രോപിക് നടത്തിയ പുതിയ പഠനം. എഐയുടെ ശേഷി, വിവിധ മേഖലകളിലെ ഉപയോഗം, സ്വയം പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കി ഭാവിയിലെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളാണ് പഠനം അവതരിപ്പിക്കുന്നത്. 

ഏറ്റവും പരിമിതമായ സാഹചര്യത്തിൽ പോലും എഐയുടെ സാമ്പത്തിക സ്വാധീനം ഇന്റർനെറ്റിന്റെ വളർച്ചയോട് സാമ്യമുള്ളതായിരിക്കുമെന്നും അമേരിക്കൻ ജിഡിപിയിൽ 1.6 ശതമാനം വരെ വർധനയുണ്ടാകാമെന്നും പഠനം പറയുന്നു. കൂടുതൽ വ്യാപകമായ ഉപയോഗം സംഭവിച്ചാൽ ജിഡിപി 8.3 ശതമാനം വരെ ഉയരാം. അതേസമയം അത്യന്തം വേഗത്തിലുള്ള എഐ വികസനവും വ്യാപനവും ഉണ്ടായാൽ ജിഡിപി 32.4 ശതമാനം വരെ ഉയരാനുള്ള സാധ്യതയും പഠനം മുന്നോട്ടുവയ്ക്കുന്നു. 

എന്നാൽ സാമ്പത്തിക വളർച്ചയ്ക്കൊപ്പം തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് കോഡിങ്, ഉപഭോക്തൃ സേവനം തുടങ്ങിയ അറിവ് അധിഷ്ഠിത ജോലികളിൽ എഐ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുന്നതോടെ നിരവധി ജീവനക്കാർക്ക് പുതിയ തൊഴിൽ മേഖലകളിലേക്ക് മാറേണ്ടിവരാം. പുതിയ കഴിവുകൾ നേടുന്നതും മറ്റൊരു തൊഴിൽ കണ്ടെത്തുന്നതും പലർക്കും ദീർഘമായ പ്രക്രിയയാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

അത്യന്തം വേഗത്തിലുള്ള എഐ വളർച്ച സംഭവിക്കുന്ന സാഹചര്യത്തിൽ അറിവ് അധിഷ്ഠിത തൊഴിലാളികളുടെ വേതനം 2030ഓടെ 10 ശതമാനത്തിലധികം കുറയാനും തൊഴിലില്ലായ്മ ചരിത്രത്തിലെ സാധാരണ മാനദണ്ഡങ്ങളെക്കാൾ ഉയരാനും സാധ്യതയുണ്ടെന്നാണ് ആന്ത്രോപികിന്റെ വിലയിരുത്തൽ. അതേസമയം എഐയുടെ നേരിട്ടുള്ള സ്വാധീനം കുറഞ്ഞ മേഖലകളിലെ തൊഴിലാളികളുടെ വരുമാനം ഉയരാനും സാധ്യതയുണ്ട്. 

എഐ സൃഷ്ടിക്കുന്ന സാമ്പത്തിക നേട്ടം എല്ലാവരിലേക്കും ഒരുപോലെ എത്തുമോ എന്നതാണ് പ്രധാന വെല്ലുവിളിയെന്നും പഠനം പറയുന്നു. എഐയുടെ വളർച്ചയിലൂടെ സമ്പദ്‌വ്യവസ്ഥ വലുതാകുമ്പോഴും അതിന്റെ നേട്ടത്തിൽ തൊഴിലാളികളുടെ പങ്ക് കുറയുകയും മൂലധന ഉടമകളുടെ പങ്ക് വർധിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. എന്നാൽ 2030ലെ യാഥാർഥ്യം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ലെന്നും എഐയുടെ വളർച്ചയും സ്ഥാപനങ്ങളും തൊഴിലാളികളും സ്വീകരിക്കുന്ന രീതിയും നേട്ടങ്ങൾ എങ്ങനെ പങ്കിടുന്നു എന്നതുമാണ് അന്തിമ ഫലം നിർണയിക്കുകയെന്നും ആന്ത്രോപിക് വ്യക്തമാക്കി.