മസ്‌കറ്റ്-കണ്ണൂർ റൂട്ടിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഏപ്രിൽ ഒന്നു മുതൽ

 
air

മസ്‌കറ്റ്: കേരളത്തിൽ മസ്‌കറ്റിനും കണ്ണൂരിനുമിടയിലുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏറ്റവും പുതിയ ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 1 മുതൽ ആഴ്ചയിൽ ആറ് സർവീസുകൾ ഉണ്ടാകും. അതേസമയം മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് പ്രതിദിന സർവീസായി ഉയർത്തി.

തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് എയർലൈൻ സർവീസ് നടത്തും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ മസ്‌കറ്റിൽ നിന്ന് രാവിലെ 9.45-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 2.45-ന് കണ്ണൂരിലെത്തും. അതേസമയം വ്യാഴാഴ്ചകളിൽ പുറപ്പെടൽ രാവിലെ 7.35നും എത്തിച്ചേരൽ ഉച്ചയ്ക്ക് 12.30നുമാണ്.

വെള്ളിയാഴ്ച പുലർച്ചെ 3.20ന് മസ്‌കറ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം 8.15ന് കണ്ണൂരിലെത്തും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 6.45 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.45 ന് മസ്‌കറ്റിൽ എത്തിച്ചേരും.

വെള്ളിയാഴ്ചകളിൽ പുറപ്പെടുന്നത് പുലർച്ചെ 12.20-നും എത്തിച്ചേരൽ പുലർച്ചെ 2.20-നും. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് എല്ലാ ദിവസവും ഉച്ചയ്ക്ക് 12.15ന് മസ്‌കറ്റിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.40ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന വിമാനം 11ന് മസ്‌കറ്റിൽ ഇറങ്ങും.