അക്ഷയ് കുമാർ–സെയ്ഫ് അലി ഖാൻ ത്രില്ലർ 'ഹൈവാൻ' സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ
ബോളിവുഡിലെ ജനപ്രിയ താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ 'ഹൈവാൻ' 2026 സെപ്റ്റംബർ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് തീയതിക്കൊപ്പം പുറത്തിറക്കിയ പുതിയ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
മലയാളത്തിന്റെ പ്രമുഖ സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം KVN Productions, Thespian Films എന്നീ ബാനറുകളാണ് നിർമ്മിക്കുന്നത്. ശ്രിയ പിൽഗാവങ്കർ, സയാമി ഖേർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
2008-ൽ പുറത്തിറങ്ങിയ Tashanന് ശേഷം ഏകദേശം 18 വർഷങ്ങൾക്കിപ്പുറമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയിലാണ്.
സെപ്റ്റംബർ 11-ന് റിലീസാകുന്ന ഹൈവാൻ ബോക്സ് ഓഫീസിൽ ആയുഷ്മാൻ ഖുറാന, സാറ അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന Udta Teer എന്ന ചിത്രവുമായി ഏറ്റുമുട്ടും. അതിനാൽ സെപ്റ്റംബർ മാസത്തിലെ ബോളിവുഡ് ബോക്സ് ഓഫീസ് പോരാട്ടം ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ.