യുപി ക്രിക്കറ്റ് അസോസിയേഷൻ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി
ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ (UPCA) ആസ്തികളും ബാങ്ക് അക്കൗണ്ടുകളും മറ്റ് വിഭവങ്ങളും തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഉത്തർപ്രദേശ് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. നിലവിൽ ബിസിസിഐയുടെ അംഗീകാരമുള്ള സംസ്ഥാന ക്രിക്കറ്റ് സംഘടന യുപി ക്രിക്കറ്റ് അസോസിയേഷനാണെന്നും അതിന്റെ ആസ്തികൾ കൈമാറാൻ കോടതി നിർദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് പഴയ സൊസൈറ്റിയുടെ ആസ്തികൾ കമ്പനിയിലേക്ക് മാറ്റിയതെന്ന ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. പഴയ സൊസൈറ്റിയുടെ ആസ്തികളും ബാധ്യതകളും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് കമ്പനിയിലേക്ക് മാറ്റിയതെന്ന് കോടതി നിരീക്ഷിച്ചു.
ബിസിസിഐയോട് അംഗീകാരം മാറ്റാൻ നിർദേശിക്കണമെന്നതും സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളും കോടതി തള്ളി. ഹർജിയിൽ ആവശ്യപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ നിയമപരമായ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.