കിം ജോങ് ഉന്നിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ ഉത്തരകൊറിയയുടെ 'തെളിവ്'; പുതിയ ചിത്രങ്ങൾ പുറത്ത്

 
World

പ്യോങ്‌യാങ്: ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് മരിച്ചെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും പ്രദർശനം സന്ദർശിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ ചിത്രങ്ങൾ പുറത്തുവന്നത്.

കിം ജോങ് ഉന്നിന് ഗുരുതരമായ മസ്തിഷ്ക രക്തസ്രാവമുണ്ടായെന്നും തുടർന്ന് കോമയിലായെന്നും ചികിത്സയ്ക്കായി ചൈനയിലെ ബെയ്ജിങ്ങിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച അവകാശവാദങ്ങൾ. അമേരിക്കയിൽ കഴിയുന്ന ചൈനീസ് വിമതനായ വാൻജുൻ ഷിയാണ് ഇതുസംബന്ധിച്ച ആരോപണങ്ങൾ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്. എന്നാൽ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.

ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് പ്രകാരം, കിം ജോങ് ഉൻ വസ്ത്ര-പാദരക്ഷാ പ്രദർശനം സന്ദർശിച്ചിരുന്നു. കുട്ടികളുടെ ചെരുപ്പുകൾ പരിശോധിക്കുന്നതും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും സ്ത്രീകളുടെ വസ്ത്രങ്ങൾ നിരീക്ഷിക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മകൾ കിം ജൂ എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ചിത്രങ്ങൾ പുറത്തുവന്നതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച എല്ലാ സംശയങ്ങളും പൂർണമായി നീങ്ങിയെന്ന് ഉറപ്പിക്കാനാകില്ല. ചിത്രങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അവ കൃത്യമായി എപ്പോൾ പകർത്തിയതാണെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കിം ജോങ് ഉന്നിന്റെ മരണം സംബന്ധിച്ച് ഉത്തരകൊറിയൻ സർക്കാരോ ചൈനീസ് അധികൃതരോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇതാദ്യമല്ല. 2020ലും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സമാനമായ പ്രചാരണങ്ങൾ ഉയർന്നിരുന്നു. പിന്നീട് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ അന്നത്തെ അഭ്യൂഹങ്ങൾ തെറ്റാണെന്ന് വ്യക്തമായിരുന്നു. നിലവിൽ, കിം ജോങ് ഉന്നിന്റെ മരണം സംബന്ധിച്ച പുതിയ അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.