അമ്മ താൽക്കാലിക ഭരണസമിതിക്ക് തിരിച്ചടി; ശ്വേത മേനോൻ നേതൃത്വത്തിലുള്ള കമ്മിറ്റി തുടരുമെന്ന് കോടതി
Jul 3, 2026, 21:43 IST
കൊച്ചി: താരസംഘടനയായ അമ്മയിൽ രൂപീകരിച്ച താൽക്കാലിക (അഡ്‌ഹോക്ക്) ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇതോടെ പ്രസിഡന്റ് ശ്വേത മേനോൻ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്ക് തുടർന്നും ചുമതല വഹിക്കാമെന്ന് കോടതി വ്യക്തമാക്കി.
അമ്മയുടെ വാർഷിക പൊതുയോഗത്തിന് പിന്നാലെ ഭരണസമിതി രാജിവെച്ചതായി പ്രഖ്യാപിക്കുകയും തുടർന്ന് രമേഷ് പിഷാരടി കൺവീനറായ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സംഘടനയുടെ ഭരണഘടനയിൽ അത്തരമൊരു സമിതിക്ക് വ്യവസ്ഥയില്ലെന്നും താൻ രാജിവെച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു.
കോടതിയുടെ പുതിയ ഉത്തരവോടെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക തടസ്സമായിരിക്കുകയാണ്. അമ്മയിലെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട കേസിൽ തുടർ നടപടികൾ കോടതി പിന്നീട് പരിഗണിക്കും.