ദക്ഷിണ കൊറിയയിലെ രണ്ട് മെഗാ ചർച്ചുകൾക്ക് നേരെ AI സഹായത്തോടെയുള്ള സൈബർ ആക്രമണം സംശയം
സിയോൾ: ദക്ഷിണ കൊറിയയിലെ രണ്ട് വലിയ ക്രൈസ്തവ ആരാധനാലയങ്ങളുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിൽ സൈബർ ആക്രമണം നടന്നതായി സംശയം. സിയോളിലെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചും സാരാങ് ചർച്ചും ലക്ഷ്യമിട്ട ആക്രമണത്തിൽ ലക്ഷക്കണക്കിന് വിശ്വാസികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സൈബർ സുരക്ഷാ കമ്പനിയായ ഓയസിസ് സെക്യൂരിറ്റിയാണ് ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയത്. വിദേശ സെർവറിൽ ചർച്ചുകളുമായി ബന്ധപ്പെട്ട ഡാറ്റ, ആക്രമണ രേഖകൾ, അക്കൗണ്ട് വിവരങ്ങൾ എന്നിവ കണ്ടെത്തിയതായി കമ്പനി അറിയിച്ചു. ആക്രമണത്തിന്റെ ചില ഘട്ടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ ഉപയോഗിച്ചതിന്റെ സൂചനകളും ലഭിച്ചതായി റിപ്പോർട്ടുണ്ട്.
യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിന്റെ പ്രാഥമിക പരിശോധനയിൽ ഏകദേശം 8.5 ലക്ഷം അംഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നിരിക്കാമെന്നാണ് കണ്ടെത്തൽ. പേരും ജനനത്തീയതിയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ ഉണ്ടായിരുന്നതായും ചില രേഖകളിൽ ദേശീയ തിരിച്ചറിയൽ നമ്പർ, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ഉണ്ടായിരുന്നതായും ചർച്ച് അറിയിച്ചു.
സംഭവത്തെ തുടർന്ന് ബാധിക്കപ്പെട്ടേക്കാവുന്ന അംഗങ്ങളെ വിവരം അറിയിക്കുകയും പുറത്തുനിന്നുള്ള സിസ്റ്റം ആക്സസ് തടയുകയും സെർവർ പാസ്‌വേഡുകൾ മാറ്റുകയും ചെയ്തിട്ടുണ്ട്. സാരാങ് ചർച്ചും അടിയന്തര അന്വേഷണസംഘം രൂപീകരിച്ച് സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയിലെ ബാങ്കുകളിലുണ്ടായ സമാന സൈബർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടുള്ള പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈബർ ആക്രമണങ്ങളിൽ AI സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കാമെന്ന സംശയം രാജ്യത്ത് കൂടുതൽ ശക്തമാകുകയാണ്.