ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്‌ഐയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; കോടതിയെ സമീപിച്ച് അൻസിബ
Jun 15, 2026, 18:35 IST
കൊച്ചി: നടി അൻസിബ ഹസൻ, നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഒരു വനിതാ എസ്‌ഐയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. താൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അൻസിബ നിയമനടപടിയിലേക്ക് നീങ്ങിയത്.
അൻസിബയുടെ പരാതിയിൽ, വ്യാജപരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും ചേർന്ന് തനിക്ക് മാനസിക പീഡനം ഏൽപ്പിച്ചുവെന്നും നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നുമാണ് ആരോപണം. എന്നാൽ പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ അടിസ്ഥാനമില്ലെന്നാണ് തൃക്കാക്കര എസിപി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
സിസിടിവി ദൃശ്യങ്ങളും ബന്ധപ്പെട്ടവരുടെ മൊഴികളും പരിശോധിച്ച ശേഷമാണ് നടപടിക്ക് അടിസ്ഥാനമില്ലെന്ന റിപ്പോർട്ട് പൊലീസ് കമ്മിഷണർക്ക് കൈമാറിയത്. വനിതാ എസ്‌ഐ ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് അൻസിബയെ ചോദ്യം ചെയ്തതെന്നും നിയമവിരുദ്ധ തടങ്കലിന് തെളിവില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
പോലീസിന്റെ നിലപാടിൽ അസംതൃപ്തി പ്രകടിപ്പിച്ച അൻസിബ, തനിക്ക് നീതി ലഭിക്കാനായി കോടതിയെ സമീപിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്ന ആവശ്യവുമായാണ് അവർ കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഹർജി പരിഗണിക്കുന്നതോടെ കേസിൽ തുടർനടപടികൾക്ക് വഴിയൊരുങ്ങും.