എ.ഐ ഏജന്റുമാരുടെ ഡാറ്റാ ആക്‌സസ് നിയന്ത്രിക്കാൻ മാക്കിൽ പുതിയ സുരക്ഷാ നിയന്ത്രണങ്ങളുമായി ആപ്പിൾ
കാലിഫോർണിയ: എ.ഐ ഏജന്റുമാർക്ക് മാക്കിലെ സ്വകാര്യ വിവരങ്ങളിലേക്ക് വ്യാപകമായ ആക്‌സസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ആപ്പിൾ. മാക്കിലെ ‘ഫുൾ ഡിസ്ക് ആക്‌സസ്’ അനുമതിയുമായി ബന്ധപ്പെട്ടാണ് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്.
‘ഫുൾ ഡിസ്ക് ആക്‌സസ്’ ലഭിച്ചാൽ ഒരു ആപ്പിന് മാക്കിലെ ഫയലുകൾ, ഇമെയിലുകൾ, സന്ദേശങ്ങൾ, ബ്രൗസിങ് ചരിത്രം തുടങ്ങിയ വിവരങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും. നിലവിൽ ബാക്കപ്പ് ആപ്പുകൾ ഉൾപ്പെടെയുള്ള ചില സേവനങ്ങൾക്ക് ഈ അനുമതി ആവശ്യമാണ്. എന്നാൽ ഉപയോക്താക്കൾക്ക് പൂർണമായ ധാരണയില്ലാതെ ചില ഡെവലപ്പർമാർ ഈ സൗകര്യം ഉപയോഗിക്കുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നതായി ആപ്പിൾ വ്യക്തമാക്കി.
ഇനി ഇത്തരം വ്യാപകമായ ഡാറ്റാ ആക്‌സസ് അനുവദിക്കുന്നതിന് ഉപയോക്താവിന്റെ കൂടുതൽ വ്യക്തമായ ഇടപെടൽ ആവശ്യമായ രീതിയിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവരിക. അനുമതി നൽകുന്നതിന് മുമ്പ് ആപ്പിന് ലഭിക്കുന്ന വിവരങ്ങളുടെ വ്യാപ്തിയും അതുമായി ബന്ധപ്പെട്ട സ്വകാര്യതാ അപകടസാധ്യതകളും ഉപയോക്താവിന് വ്യക്തമായി മനസ്സിലാക്കാൻ കഴിയണമെന്നാണ് ആപ്പിളിന്റെ നിലപാട്.
കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന എ.ഐ ഏജന്റുകളുടെ ഉപയോഗം വർധിക്കുന്നതാണ് പുതിയ നിയന്ത്രണങ്ങൾക്ക് പ്രധാന കാരണമായി ആപ്പിൾ ചൂണ്ടിക്കാട്ടുന്നത്. ഉപയോക്താവിന്റെ ഫയലുകളും സന്ദേശങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന ഇത്തരം സംവിധാനങ്ങൾക്ക് വ്യാപകമായ അനുമതി ലഭിക്കുന്നത് സ്വകാര്യതാ പ്രശ്നങ്ങൾ വർധിപ്പിക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
മെറ്റയുടെ ‘Muse’ ഉൾപ്പെടെയുള്ള എ.ഐ ഏജന്റുമാരുടെ മാക്കിലെ ഡാറ്റാ ആക്‌സസിനെക്കുറിച്ച് അടുത്തിടെ ചർച്ചകൾ ഉയർന്നിരുന്നു. ചില ഉപയോക്താക്കൾ സ്വകാര്യ സന്ദേശങ്ങളിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ, ആവശ്യമായ അനുമതികൾ ഉപയോക്താവ് തന്നെ പ്രവർത്തനക്ഷമമാക്കേണ്ടതാണെന്നാണ് മെറ്റയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് മാക്കിലെ ഡാറ്റാ അനുമതികൾ കൂടുതൽ വ്യക്തവും നിയന്ത്രിതവുമാക്കാനുള്ള നീക്കവുമായി ആപ്പിൾ മുന്നോട്ടുപോകുന്നത്.