എ.ആർ റഹ്മാൻ്റെ സംഗീതം, വിർച്ച്വൽ റിയാലിറ്റിയുടെ നവ്യാനുഭവം

ആടുജീവിതത്തിൻ്റെ  മ്യൂസിക്കൽ ആൽബത്തിൻ്റെ  മേക്കിങ് വീഡിയോ പുറത്ത് 
 
Enter

കൊച്ചി: ബ്ലസി- പൃഥിരാജ് ചിത്രം  ആടുജീവിതത്തിൻ്റെ ഭാഗമായി  പുറത്തിറക്കിയ വിർച്ച്വൽ റിയാലിറ്റി അനുഭവം പകർന്നു നൽകുന്ന ഹോപ്പ് എന്ന  മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓസ്കാർ ജേതാവ് എ.ആർ റഹ്മാനാണ് ആൽബത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്. 

ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി ഇത്തരം ഒരു നവ്യാനുഭവം ഒരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സുഭാഷ് മാനുവൽ പറഞ്ഞു. 

കലാമൂല്യവും സാങ്കേതിക തികവും ചേർന്ന ഒരു മനോഹരമായ കലാസൃഷ്‌ടിയാണ് ഈ ഹോപ്പ് സോങ്ങ്. സംഗീത അനുഭവത്തേക്കാളുപരി പേര് സൂചിപ്പിക്കും പോലെ പ്രതീക്ഷയുടെയും ലോകസമാധാനത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ് ഈ ആൽബം. അഞ്ച് ഭാഷകളുടെ സമ്മിശ്രം കൂടിയാണ് ഈ മനോഹരമായ ഗാനം. വിനോദവും കലാമൂല്യവും സാങ്കേതികതികവും വൈകാരികവുമായ ഒരു തലമാണ് ഇന്ത്യൻ ആസ്വാദകർ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിർച്വൽ റിയാലിറ്റി ആൽബത്തിലൂടെ ഒരുക്കുന്നത്.

സാംസ്കാരിക വൈവിധ്യവും ജീവിത യാഥാർത്ഥ്യങ്ങളും സിനിമയുടെ പ്രതീതി നിലനിർത്തി ആഗോള പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും സന്ദേശമാണ് ആൽബം നൽകുന്നത്. കഥ പറച്ചിലിലെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ ആൽബത്തിലൂടെ അവതരിപ്പിക്കുന്നു.