ഗുരു രൺധാവയുടെ പാട്ടുകളിൽ സ്ത്രീകളെ വസ്തുവൽക്കരിക്കുന്നുണ്ടോ?

‘ഫൈൻ ഷൈറ്റ്’ വീഡിയോക്കെതിരെ വിമർശനം
 
Entertainment

ഗായകൻ ഗുരു രൺധാവയുടെ പുതിയ ഗാനം ‘Fine Shyt’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കോർപ്പറേറ്റ് ഓഫീസ് പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയിൽ സ്ത്രീകളെ അവതരിപ്പിച്ച രീതിയാണ് പ്രധാനമായും വിമർശനത്തിന് കാരണമായത്. സ്ത്രീകളെ ലൈംഗികമായി അവതരിപ്പിക്കുകയും വസ്തുവൽക്കരിക്കുകയും ചെയ്യുന്നുവെന്നാണ് ഒരു വിഭാഗം സമൂഹമാധ്യമ ഉപയോക്താക്കളുടെ ആരോപണം. 

വീഡിയോയിൽ റൂഹി ദോസാനി, ഡിവിനിറ്റി ബിഷ്ട്, അർഷിയ സിൻഹ, റൈമ ഗ്രോവർ, ഡാർലിൻ ലോറ, മെഹർ കൗർ തുടങ്ങിയ സോഷ്യൽ മീഡിയ ക്രിയേറ്റർമാർ കോർപ്പറേറ്റ് ജീവനക്കാരുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ജോലിസ്ഥലത്തെ പശ്ചാത്തലം ഉപയോഗിച്ചുള്ള സ്ത്രീകളുടെ അവതരണമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. 

അതേസമയം, ഗാനം ജെൻ-സെഡ് ജീവിതവും കോർപ്പറേറ്റ് ജോലിയുടെ വിരസതയും പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്നതാണെന്നും, സ്ത്രീകളുടെ ആത്മവിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ആഘോഷിക്കുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നതെന്നും മറ്റൊരു വിഭാഗം വിലയിരുത്തുന്നു. 

ഗുരു രൺധാവയുടെ മുൻഗാനം ‘Azul’ സ്ത്രീകളുടെ, പ്രത്യേകിച്ച് സ്കൂൾ വിദ്യാർഥിനികളുടെ അവതരണവുമായി ബന്ധപ്പെട്ട് വിമർശിക്കപ്പെട്ടതിന് പിന്നാലെയാണ് ‘Fine Shyt’നെതിരെയും സമാന ആരോപണങ്ങൾ ഉയരുന്നത്. ഇതോടെ ഗായകന്റെ ഗാനങ്ങളിലെ സ്ത്രീകളുടെ അവതരണത്തെക്കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമായിരിക്കുകയാണ്.