2025 ആസന്നമാകുമ്പോൾ, വർദ്ധിച്ചുവരുന്ന ചെലവുകൾ യുഎഇ നിവാസികളുടെയും പ്രവാസികളുടെയും ബജറ്റുകളെ ബുദ്ധിമുട്ടിക്കുന്നു
അബുദാബി: പുതുവർഷത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ 2025ൽ യുഎഇയിൽ പലയിടത്തും വില വർധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിലെ പൊതു സേവനങ്ങൾ മെച്ചപ്പെടുത്താനാണ് വില വർധനവ് ലക്ഷ്യമിടുന്നത്. ചില മേഖലകളിൽ ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് വിലവർധന.
ദുബായ് പാർക്കിംഗ് ഫീസ്:
2025 മാർച്ച് മുതൽ ഇരുചക്രവാഹന ഉടമകൾ തിരക്കുള്ള സമയങ്ങളിൽ ദുബായിലെ 'പ്രീമിയം' പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്യുന്നതിന് മണിക്കൂറിന് ആറ് ദിർഹം നൽകണം. പരിപാടികളും മറ്റ് പ്രവർത്തനങ്ങളും നടക്കുന്ന ഇവൻ്റ് പാർക്കിംഗ് സോണുകളിൽ അവർ 25 ദിർഹം നൽകേണ്ടിവരും. മാർക്കറ്റുകളിലും വാണിജ്യ മേഖലകളിലും ഒരു മെട്രോ സ്റ്റേഷൻ്റെ 500 മീറ്റർ ചുറ്റളവിൽ പാർക്കിംഗ് നിരക്ക് വർദ്ധിക്കും.
പുതിയ സാലിക്ക് ടോൾ നിരക്കുകൾ:
2025 മുതൽ തിരക്കേറിയ സമയങ്ങളിൽ രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയും ടോൾ നിരക്ക് ആറ് ദിർഹമായി വർദ്ധിക്കും. 2007ൽ ടോൾ ഗേറ്റുകൾ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് നിരക്ക് വർധിപ്പിക്കുന്നത്.
പുതിയ മലിനജല നിരക്ക്:
2025 മുതൽ മലിനജല നിരക്ക് വർധിക്കും. ഒരു ഗാലണിന് 1.5 ഫിൽസ് ആയിരിക്കും നിരക്ക്. 2027ൽ ഇത് 2.8 ഫിൽസായി ഉയരും. യുഎഇയിൽ മേൽപ്പറഞ്ഞ മേഖലകളിൽ നിരക്ക് വർധിക്കുമെങ്കിലും പല തൊഴിൽ മേഖലകളിലും വാടക നിരക്കുകൾ കുറയുമെന്നും ശമ്പളം കൂടുമെന്നും വിലയിരുത്തലുണ്ട്. 2025-ഓടെ 10,0000-ത്തിലധികം അപ്പാർട്ട്‌മെൻ്റുകൾ ആരംഭിക്കുന്നതിനാൽ വാടക നിരക്കുകൾ കുറയുമെന്ന് കണക്കാക്കപ്പെടുന്നു.
സാങ്കേതികവിദ്യ, നിയമം, ധനകാര്യം, അക്കൗണ്ടിംഗ്, എച്ച്ആർ തുടങ്ങിയ തൊഴിൽ മേഖലകളിൽ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. മാത്രമല്ല, 2025 ഓടെ എല്ലാ മേഖലകളിലും നാല് ശതമാനം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.