കൂച്ച് ബെഹാർ ട്രോഫിയിൽ അസമിന് ലീഡ്
ഗുവഹാത്തി: കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ അസമിന് 52 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 181 റൺസിന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ അസം ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലാണ്.
മൂന്ന് വിക്കറ്റിന് 33 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് കാർത്തിക്കും റോഷനും ചേർന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്കി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. 44 റൺസെടുത്ത കാർത്തിക്കിനെ ഹിമൻശു സാരസ്വത് ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ അഹമ്മദ് ഇമ്രാനുമൊത്ത് റോഷൻ കരുതലോടെ ഇന്നിങ്സ് മുന്നോട്ട് നീക്കി. എന്നാൽ സ്കോർ 143ൽ നില്‍ക്കെ 34 റൺസെടുത്ത അഹമ്മദ് ഇമ്രാൻ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ആറ് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ 35 റൺസെടുത്ത റോഷനും മടങ്ങി.
തുടർന്നെത്തിയ കേരള ബാറ്റർമാരിൽ ആർക്കും പിടിച്ചു നില്ക്കാനായില്ല. 32 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. കേരളത്തിൻ്റെ ഇന്നിങ്സ് 181ൽ അവസാനിച്ചു. അസമിന് വേണ്ടി ഹിമൻശു സാരസ്വത് അഞ്ച് വിക്കറ്റ് വീഴ്ത്തി. 65 റൺസ് നേടി ആദ്യ ഇന്നിങ്സിൽ അസമിൻ്റെ ടോപ് സ്കോററായതും ഹിമൻശു ആയിരുന്നു. നിഷാന്ത് , ആയുഷ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ അസമിന് ആദ്യ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. കൌശിക് രഞ്ജൻ ദാസിനെ പുറത്താക്കി ആദിത്യ ബൈജുവാണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. കളി നിർത്തുമ്പോൾ 24 റൺസോടെ രാജ് വീർ സിങ്ങും ഏഴ് റൺസോടെ ബരുൺജോതി മലാകറുമാണ് ക്രീസിൽ