തായ്‌വാനിൽ ശക്തമായ ഭൂചലനം ഏഴ് പേർ കൊല്ലപ്പെട്ടു

730 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

 
EQ

ടോക്കിയോ: തായ്‌വാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഏകദേശം 730 പേർക്ക് പരിക്കേറ്റു. ഇതിൻ്റെ ഭാഗമായി ജപ്പാനിലെ യോനാഗുനി ദ്വീപിൽ സുനാമി ഉണ്ടായി. 1999 സെപ്തംബറിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ആഘാതത്തിൽ 2500-ലധികം പേർ കൊല്ലപ്പെടുകയും 1300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ന് രാവിലെ 7.58 ന് ഹുവാലിയനിൽ നിന്ന് 18 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇത് 11.8 കിലോമീറ്ററിൽ വ്യാപിച്ചു. അടുത്ത നാല് ദിവസങ്ങളിൽ റിക്ടർ സ്കെയിലിൽ 6.5 മുതൽ 7.0 വരെ തീവ്രതയുള്ള തുടർചലനങ്ങൾ പ്രതീക്ഷിക്കുന്നതായി തായ്‌വാനിലെ സെൻട്രൽ വെതർ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമായ ഹുവാലിയൻ കൗണ്ടിയിൽ നാല് പേർ മരിച്ചതായി തായ്‌വാൻ സർക്കാർ അറിയിച്ചു. ഭൂചലനത്തിൻ്റെ ഭാഗമായി 26 കെട്ടിടങ്ങൾ തകർന്നു. ഇതിൽ പകുതിയും ജില്ലയിലാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ 20 ഓളം പേരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഹുവാലിയനിൽ അഞ്ച് നില കെട്ടിടത്തിൻ്റെ ഒരു നില തകർന്നു. ഇപ്പോൾ കെട്ടിടം 45 ഡിഗ്രിയിൽ ചാഞ്ഞുകിടക്കുകയാണ്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ഭൂചലനത്തിൻ്റെ ഭാഗമായി തായ്‌വാനിലുടനീളം ട്രെയിൻ സർവീസുകളും നിർത്തിവച്ചു. തലസ്ഥാനമായ തായ്‌പേയിൽ കെട്ടിടങ്ങളിൽ നിന്ന് ടൈലുകൾ വീണതായി റിപ്പോർട്ട്.

രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് നിർമ്മിച്ച ദേശീയ നിയമസഭയുടെ മതിലുകളും മേൽക്കൂരയും തകർന്നതായി റിപ്പോർട്ടുണ്ട്. തായ്‌വാനിലെ സെൻട്രൽ എമർജൻസി കമാൻഡ് സെൻ്റർ പ്രകാരം 91,000 വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു.

ഭൂചലനം മണ്ണിടിച്ചിലിനും കാരണമായി. ഇതിൻ്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിന് 15 മിനിറ്റുകൾക്ക് ശേഷമാണ് യോനാഗുനി ദ്വീപിൽ സുനാമി ആഞ്ഞടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 26 വർഷത്തിനിടെ ഒകിനാവയിൽ ഉണ്ടാകുന്ന ആദ്യ സുനാമിയാണിത്. ഇതിൻ്റെ ഭാഗമായി ജപ്പാനിലേക്കുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു.